കേരളം ഇന്നത്തെ നിലയിലായതിൽ വിഎസ് വഹിച്ച പങ്ക് വളരെ വലുതെന്ന് പിണറായി വിജയൻ
Saturday, August 2, 2025 1:50 AM IST
തിരുവനന്തപുരം: കേരളം ഇന്നത്തെ നിലയിൽ രൂപം കൊള്ളുന്നതിൽ വി.എസ്. അച്യുതാനന്ദൻ വഹിച്ച പങ്ക് വളരെ വലുതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുന്നപ്ര വയലാർ ഐതിഹാസിക സമരവുമായി ചേർന്നു നിൽക്കുന്നതാണ് വിഎസിന്റെ ജീവിതം. അനേക വർഷം ജയിലിൽ കഴിയേണ്ടി വന്നു.
ലോക്കപ്പു മർദനവും അനുഭവിക്കേണ്ടിവന്നു. ഇതൊന്നും അദ്ദേഹത്തെ ഏതെങ്കിലും തരത്തിൽ തളർത്തിയില്ല എന്നതും പ്രധാനമായി ഓർക്കേണ്ടതാണ്. ഇതിലൂടെയെല്ലാം തളർന്നില്ലെന്നു മാത്രമല്ല കൂടുതൽ കരുത്തനായി കമ്മ്യൂണിസ്റ്റ് സ്ഥൈര്യത്തിന്റെ പ്രതീകമായി വിഎസ് മാറിയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംഘടിപ്പിച്ച വിഎസ് അനുസ്മരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
യാതനാപൂർണമായ ജീവിതമായിരുന്നു ബാല്യ-കൗമാര-യൗവന കാലത്തു വിഎസ് അനുഭവിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുസ്മരിച്ചു. ഭൂമി പാരിസ്ഥിതിക വിഷ യങ്ങളിൽ അദ്ദേഹം വലിയ ശ്രദ്ധാലുവായിരുന്നു.
പ്രതിപക്ഷത്തിന്റെ വാക്കുകൾ നിയമസഭയിൽ ശ്രദ്ധയോടെ കേൾക്കുകയും ശരിയെന്നു തോന്നിയാൽ ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കുകയും ചെയ്ത നല്ല മുഖ്യമന്ത്രിയായിരുന്നു വിഎസ് എന്നും സതീശൻ പറഞ്ഞു.
സാധാരണ ജനങ്ങൾക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച നേതാവായിരുന്നു വിഎസ് എന്നും രാഷ്ട്രീയമായി കടുത്ത ഭിന്നത ഉണ്ടായിരുന്നെങ്കിലും വ്യക്തിബന്ധം നന്നായി നിലനിർത്തിപോകുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നൂവെന്നു മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എപ്പോഴും ശരിയുടെ പക്ഷത്തു നിൽക്കുകയും സാർഥകമായ ജീവിതം നയിക്കുകയും ചെയ്തിരുന്ന നല്ല കമ്മ്യൂണിസ്റ്റായിരുന്നു വിഎസ് എന്നു ബിജെപി നേതാവ് വി. മുരളീധരൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോണ്ഗ്രസ്-എം നേതാവ് ഡോ. എൻ. ജയരാജ്, മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, കടന്നപ്പള്ളി രാമചന്ദ്രൻ, തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ഓർത്തഡോക്സ് സഭാ തിരുവനന്തപുരം ഭദ്രസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നേതാക്കളായ ജോർജ് വർഗീസ്, മാത്യു ടി. തോമസ് എന്നിവർ അനുസ്മരണ യോഗത്തിൽ പ്രസംഗിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷനായിരുന്നു.