വൈസ് അഡ്മിറൽ മനീഷ് ഛദ്ദ ഏഴിമല നാവിക അക്കാഡമി കമൻഡാന്റ്
Saturday, August 2, 2025 1:49 AM IST
പയ്യന്നൂർ: ഏഴിമല നാവിക അക്കാഡമി കമൻഡാന്റായി വൈസ് അഡ്മിറൽ മനീഷ് ഛദ്ദ ചുമതയലേറ്റു. വൈസ് അഡ്മിറൽ സി.ആർ.പ്രവീൺ നായരിൽനിന്നാണ് മനീഷ് ഛദ്ദ ഇന്നലെ ചുമതലയേറ്റത്.
വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാഡമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ ഛദ്ദ 1991 ജൂലൈ ഒന്നിനാണ് നാവികസേനാംഗമായി ചേരുന്നത്.
കമ്യൂണിക്കേഷൻ ആൻഡ് ഇലക്ട്രോണിക് വാർഫെയർ സ്പെഷ്യലിസ്റ്റാണ്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽനിന്ന് സ്റ്റാഫ് കോഴ്സും യുഎസ്എ യിലെ വാഷിങ്ടൺ നാഷണൽ ഡിഫൻസ് സർവകലാശാലയിൽ നിന്ന് ഹയർ കമാൻഡ് കോഴ്സും പൂർത്തിയാക്കി. കോസ്റ്റ് ഗാർഡ് ഇന്റസെപ്റ്റർ ബോട്ട് സിജിഎസ്-05, ഇന്ത്യൻ നാവിക കപ്പലുകളായ വീർ, കൃപാൺ, മൈസൂർ എന്നിവയുടെ കമാൻഡറായിരുന്നു. 2025-ൽ അതിവിശിഷ്ടസേവാ മെഡലും 2017ൽ വിശിഷ്ടസേവാ മെഡലും ലഭിച്ചിട്ടുണ്ട്. ഗുജറാത്ത് നാവിക മേഖലയുടെ ഫ്ലാഗ് ഓഫീസറായിരുന്നു.