കുടുംബശ്രീ ഹോംഷോപ്പിന് 15 വയസ്
Saturday, August 2, 2025 1:49 AM IST
കൊച്ചി: കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ക്ക് സാമൂഹ്യാധിഷ്ഠിത വിപണനവിതരണ സംവിധാനം ഒരുക്കുന്നതിനായി ആരംഭിച്ച കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി 15 വര്‍ഷം പൂര്‍ത്തിയാക്കി.
സംരംഭകര്‍, ഹോംഷോപ്പ് ഓണേഴ്സ്, മാനേജ്മെന്റ് ടീം എന്നിങ്ങനെ മൂന്നു ഘടകങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഹോംഷോപ്പ് കമ്യൂണിറ്റി മാര്‍ക്കറ്റിംഗ് നെറ്റ്വര്‍ക്കാണ്. സംരംഭകരില്‍നിന്ന് ഉത്പന്നങ്ങള്‍ ശേഖരിച്ചു കുടുംബശ്രീ അംഗങ്ങളായ ഹോംഷോപ്പ് ഓണേഴ്സുകള് ഉപഭോക്താക്കളിലെത്തിക്കുകയാണ് ചെയ്യുന്നത്.
വിപണനവും ഭരണവും മാനേജ്മെന്റ് ടീം മുഖേനയാണു നടക്കുന്നത്. 2024-25 സാമ്പത്തികവര്‍ഷം 18.66 കോടി രൂപയുടെ വിറ്റുവരവാണ് പദ്ധതിയില്‍നിന്നു ലഭിച്ചത്. നിലവില്‍ 51 മാനേജ്മെന്റ് ടീമുകള്‍ക്കു കീഴില്‍ 7000ല്‍പ്പരം ഹോംഷോപ്പ് ഓണേഴ്സുകളും 1000ല്‍പ്പരം സംരംഭകരും പ്രവര്‍ത്തിക്കുന്നു.
പദ്ധതിയുടെ 15ാം വാര്‍ഷികത്തിന്റെ ഭാഗമായി സംസ്ഥാനതല സംഗമം നാലിനു രാവിലെ പത്തിന് കളമശേരി സമ്രാ കണ്വന്ഷന് സെന്ററില്‍ നടക്കും. മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.