വേടന് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി
Saturday, August 2, 2025 1:50 AM IST
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി.
യുവതി നല്കിയ പരാതിയില്‍ തൃക്കാക്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റ് തടയണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
താന്‍ നിരപരാധിയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഗായകനെന്ന നിലയിലുള്ള തന്റെ ഖ്യാതി തകര്‍ക്കാനുള്ള ശ്രമമാണു പരാതിക്കു പിന്നില്‍.
പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തി ഒട്ടേറെ ഫോണ്‍കോളുകള്‍ തനിക്കു ലഭിച്ചിരുന്നു. ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘമുണ്ടെന്നാണ് മനസിലാകുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
ആരാധികയെന്ന നിലയില്‍ വേടനെ പരിചയപ്പെട്ട താനുമായി ബന്ധം വളര്‍ത്തുകയും വിവാഹവാഗ്ദാനം നല്കി പലവട്ടം പീഡിപ്പിച്ചെന്നുമാണ് യുവതിയുടെ പരാതി.
സുഹൃത്തുക്കളെ ചോദ്യംചെയ്യും
കൊച്ചി: റാപ്പര്‍ വേടന് പ്രതിയായ ലൈംഗികപീഡന പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള സുഹൃത്തുക്കളുടെയടക്കം മൊഴി രേഖപ്പെടുത്താൻ പോലീസ് നീക്കം. ഇവരെ വൈകാതെ വിളിച്ചുവരുത്തും.
അന്വേഷണത്തിന്റെ ആദ്യപടിയായി യുവഡോക്ടറുടെ രഹസ്യമൊഴി എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു.