കന്യാസ്ത്രീമാരുടെ ജാമ്യം; ജാമ്യഹർജിയിെ അനുകൂലിക്കാതെ പ്രോസിക്യൂഷൻ
Saturday, August 2, 2025 2:48 AM IST
ഛത്തീസ്ഗഡിലെ ദുർഗിൽനിന്ന് സീനോ സാജു
വ്യാജകുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡിലെ ദുർഗ് സെൻട്രൽ ജയിലിൽ അടയ്ക്കപ്പെട്ട മലയാളി കന്യാസ്ത്രീകളുടെ മോചനം നീളുന്നു. ഇന്നലെ ജാമ്യാപേക്ഷ പരിഗണിച്ച ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതി വാദത്തിനുശേഷം വിധി പറയാൻ ഇന്നത്തേക്കു മാറ്റി. ഇന്നു രാവിലെ 11 ഓടെ കോടതി വിധി പറയുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന വാദമുയർത്തി ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർക്കില്ലെന്നും കന്യാസ്ത്രീകൾക്കു മോചനം സാധ്യമാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കേരള എംപിമാർക്ക് വ്യാഴാഴ്ച ഉറപ്പ് നൽകിയിരുന്നുവെങ്കിലും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ പ്രതികൂല നീക്കം ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം സാങ്കേതികം മാത്രമാണെന്നാണു ബിജെപി വിശദീകരിച്ചത്. ജാമ്യാപേക്ഷയെ സംസ്ഥാന സർക്കാർ എതിർത്തതു ചതിയാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു.
മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ നിലനിൽക്കില്ലെന്നു കോടതിയിൽ തെളിവുസഹിതം വാദിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞിട്ടുണ്ട്. കടത്തപ്പെട്ടുവെന്ന് ആരോപിക്കപ്പെട്ട കുട്ടികൾ പ്രായപൂർത്തിയായവരാണെന്നും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവർ ക്രിസ്തുമതം പിന്തുടരുന്നവരാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
മക്കളെ തട്ടിപ്പിനിരയാക്കിയോ ബലമായോ കന്യാസ്ത്രീകൾ പിടിച്ചുകൊണ്ടുപോയതല്ലെന്നാണ് കുട്ടികളുടെ മാതാപിതാക്കളും മൊഴി നൽകിയിട്ടുള്ളതെന്ന് കന്യസ്ത്രീകൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതി മുമ്പാകെ വാദിച്ചു.
എന്നാൽ, കേരളത്തിലെ ബിജെപി നേതൃത്വത്തിന്റെ ഇടപെടലും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പും ലഭിച്ചിട്ടും ഛത്തീസ്ഗഡ് സർക്കാർ ജാമ്യാപേക്ഷയെ എതിർത്തതു വിധിയെ ബാധിക്കുമോയെന്ന സംശയം നിലനിൽക്കുന്നുണ്ട്. ഇന്നും ജാമ്യം ലഭിച്ചില്ലെങ്കിൽ നാളെ ഞായറാഴ്ച കോടതി അവധിദിവസമായതിനാൽ വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടിവരും.
അതേസമയം, ദുർഗ് സെഷൻസ് കോടതിയിൽനിന്നു കേസ് എൻഐഎ കോടതിയിലേക്കു മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും ഇതൊരു നീണ്ട പ്രക്രിയയായതിനാൽ ജാമ്യം ഉടൻ ലഭിക്കാതിരിക്കാനാണെന്നും കന്യസ്ത്രീമാരെ ഇന്നലെ ജയിലിൽ സന്ദർശിക്കാനെത്തിയ എഐസിസി പ്രതിനിധിസംഘത്തിൽ ഉൾപ്പെട്ട കോടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കന്യാസ്ത്രീകൾക്കുവേണ്ടി കോടതിയിൽ ഹാജരായത്. നിയമവിദഗ്ധരുമായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് എൻഐഎ കോടതിയിൽത്തന്നെ ജാമ്യാപേക്ഷ നൽകാമെന്നു സഭാനേതൃത്വം തീരുമാനിച്ചത്.
ഛത്തീസ്ഗഡിൽ കോൺഗ്രസ് പ്രതിഷേധം
റായ്പുർ: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതിനെതിരേയും ക്രൈസ്തവർക്കെതിരേ സംസ്ഥാനത്തു വ്യാപകമാകുന്ന അതിക്രമങ്ങൾക്കെതിരേയും ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ പ്രതിഷേധം.
തലസ്ഥാനമായ റായ്പുരിലെ ജവഹർ നഗറിൽ പ്രകടനം നടത്തിയ പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാൻ ശ്രമിച്ചത് പോലീസ് തടയുകയും ഇതു സംഘർഷാവസ്ഥയിൽ കലാശിക്കുകയും ചെയ്തു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം കാങ്കേർ ജില്ലയിൽപ്പെട്ട ജാംഗോൺ ഗ്രാമത്തിലെ പള്ളിക്കുനേരെ ഒരുസംഘം ആക്രമിച്ചതിൽ പ്രതിഷേധിച്ച് അവിടെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ നടന്നുവരികയാണ്. ഇതിനുപിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവമുണ്ടാകുന്നത്. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
മോദിയും ഷായും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീമാർ ജയിലിൽ തുടരുന്നതിനിടെ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
ഇരുവരുടെയും പാർലമെന്റിലെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കന്യാസ്ത്രീമാരുടെ ജാമ്യവുമായി ബന്ധപ്പെട്ട വിഷയത്തിനല്ല തന്നെ ഡൽഹിക്കു വിളിപ്പിച്ചതെന്നാണ് വിഷ്ണു ദേവ് സായ് മാധ്യമങ്ങളോടു പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കന്യാസ്ത്രീമാരുടെ കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കണമെന്ന് എം.കെ. പ്രേമചന്ദ്രൻ എംപി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് പാർലമെന്റ് വളപ്പിൽവച്ച് ആവശ്യപ്പെട്ടു.
കന്യാസ്ത്രീമാർക്കു ജാമ്യം ലഭിക്കുമെന്നും സംസ്ഥാനസർക്കാർ ജാമ്യത്തെ എതിർക്കില്ലെന്നും അടക്കമുള്ള ഉറപ്പ് അമിത് ഷാ വ്യാഴാഴ്ച കേരള എംപിമാർക്ക് ഉറപ്പ് നൽകിയിരുന്നു.
അറസ്റ്റിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്ത സംഭവത്തിന് ചിലർ രാഷ്ട്രീയ നിറം നൽകുകയാണെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് ആരോപിച്ചു.
“പെൺകുട്ടികൾക്ക് നഴ്സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്തിരുന്നു. ഇവരെ നാരായൺപുർ സ്വദേശിയായ ഒരാൾ റെയിൽവേ സ്റ്റേഷനിൽ വച്ച് കന്യാസ്ത്രീകൾക്കു കൈമാറുകയായിരുന്നു.
മനുഷ്യക്കടത്തിനും പ്രലോഭിപ്പിച്ചുള്ള മതപരിവർത്തനത്തിനുമുള്ള ശ്രമമാണ് അവിടെ നടന്നത്. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമേറിയ വിഷയമാണിത്. കേസ് കോടതിയുടെ മുന്പാകെയാണ്. നിയമം അതിന്റെ വഴിക്കു നീങ്ങും”- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.