ബിഹാർ: കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടത് 65 ലക്ഷം വോട്ടർമാർ
Saturday, August 2, 2025 1:50 AM IST
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തയാറാക്കിയ കരട് പട്ടികയിൽനിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കി. ഒഴിവാക്കപ്പെട്ടവരിലേറെയും മരിച്ചവരോ സംസ്ഥാനം വിട്ടവരോ ആണെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചിരിക്കുന്നത്. 7.24 കോടി വോട്ടർമാരുടെ പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്.
മുന്പ് 7.9 കോടി വോട്ടർമാരുണ്ടായിരുന്നു. 22.34 ലക്ഷം വോട്ടർമാർ മരിച്ചു. 36.28 ലക്ഷം പേർ ബിഹാർ വിട്ടുപോകുകയോ വിലാസം കണ്ടെത്താൻ സാധിക്കാതെ വരികയോ ചെയ്തു. 7.01 ലക്ഷം പേർ ഒന്നിലധികം തവണ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി.
ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് പാറ്റ്ന ജില്ലയിലാണ് -50.04 ലക്ഷം. ഏറ്റവും അധികം പേർ ഒഴിവാക്കപ്പെട്ടതും പാറ്റ്നയിലാണ് -3.95 ലക്ഷം പേർ. മധുബനി (3.52 ലക്ഷം), ഈസ്റ്റ് ചന്പാരൻ (3.16 ലക്ഷം), ഗോപാൽഗഞ്ച് (3.10 ലക്ഷം), ബെഗുസരായ് (2.84 ലക്ഷം), മുസാഫർപുർ (2.83 ലക്ഷം ) എന്നിങ്ങനെയാണ് മറ്റു ജില്ലകളിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണം.
വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ ആർജെഡി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തു വന്നിട്ടുണ്ട്. എൻഡിഎയെ വീണ്ടും അധികാരത്തിലെത്തിക്കാനാണു നീക്കമെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
നേപ്പാളുമായും ബംഗാളുമായും അതിർത്തി പങ്കിടുന്ന കോസി-സീമാഞ്ചൽ മേഖലയിൽ അനവധി ബംഗ്ലാദേശുകാരും രോഹിംഗ്യകളും വസിക്കുന്നുണ്ടെന്ന് ബിജെപി ആരോപിക്കുന്നു.