ധർമസ്ഥലയിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന്
Sunday, August 3, 2025 2:26 AM IST
മംഗളൂരു: ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘത്തിൽ (എസ്ഐടി) ഉൾപ്പെട്ട പോലീസുദ്യോഗസ്ഥൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി അഭിഭാഷകർ രംഗത്തെത്തി.
സിർസി സ്റ്റേഷനിലെ ഇൻസ്പെക്ടറായ മഞ്ജുനാഥ ഗൗഡയാണ് വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണത്തൊഴിലാളിയെ ഭീഷണിപ്പെടുത്തുകയും പരാതി പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തതായാണ് പറയുന്നത്. പോലീസുദ്യോഗസ്ഥനെതിരേ കേസെടുക്കണമെന്ന് ധർമസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
അതേസമയം, വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അടയാളപ്പെടുത്തിയ സ്ഥലങ്ങളിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ പരിശോധനയിലും തെളിവുകളൊന്നും ലഭിച്ചില്ല.
അടയാളപ്പെടുത്തിയ ഒൻപതാമത്തെയും പത്താമത്തെയും പോയിന്റുകളിലാണ് ഇന്നലെ മണ്ണു കുഴിച്ച് പരിശോധന നടത്തിയത്. ആറാമത്തെ പോയിന്റിൽനിന്ന് പുരുഷന്റെ അസ്ഥികൂട ഭാഗങ്ങൾ ലഭിച്ചതു മാത്രമാണ് ഇതുവരെ ലഭ്യമായിട്ടുള്ള വ്യക്തമായ തെളിവ്.