കരട് വോട്ടർപട്ടികയിൽ പേരില്ലെന്ന് തേജസ്വി യാദവ്
Sunday, August 3, 2025 2:26 AM IST
പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി തെരഞ്ഞെടുപ്പു കമ്മീഷൻ പുറത്തിറക്കിയ കരട് വോട്ടർപട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് തേജസ്വി പ്രസാദ് യാദവ്.
തെരഞ്ഞെടുപ്പു കമ്മീഷന്റെ പോർട്ടലിൽ വിശദവിവരങ്ങൾ ഉൾപ്പെടെ നല്കിയിരുന്നു. ഈ വർഷം അവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കു മത്സരിക്കാനാകുമോ എന്ന് ആശങ്കയുണ്ടെന്നും മുതിർന്ന ആർജെഡി നേതാവുകൂടിയായ തേജസ്വി പ്രതികരിച്ചു.
ബിഹാറിൽ കമ്മീഷൻ നടപ്പിലാക്കിയ വോട്ടർപട്ടികയുടെ സമഗ്രപുനരവലോകനം(എസ്ഐആർ) പ്രഹസനമാണ്. ഇതുമൂലം ബിഹാറിലെ ബഹുഭൂരിപക്ഷംവരുന്ന പൗരന്മാരും വോട്ടർപട്ടികയിൽനിന്നു പുറത്താകുന്ന സാഹചര്യമുണ്ടായി.
സുപ്രീംകോടതി അംഗീകരിച്ചിട്ടും വോട്ടർ രജിസ്ട്രേഷനായി ആധാർ നന്പർ ആധികാരിക രേഖയായി തെരഞ്ഞെടുപ്പു കമ്മീഷൻ അംഗീകരിക്കാത്തതിനെയും തേജസ്വി വിമർശിച്ചു.