നാടകീയത, പ്രതിഷേധം; ഒന്‍പതാം നാൾ മോചനം
Sunday, August 3, 2025 2:26 AM IST
ദുർഗ്: ദിവസങ്ങൾ നീണ്ട നാടകീയതകൾക്കും വൻ പ്രതിഷേധങ്ങൾക്കും ശേഷമാണ് കന്യാസ്ത്രീമാർക്ക് ഇന്നലെ ജാമ്യം ലഭിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉച്ചകഴിഞ്ഞ് 3.30 ഓടെയാണു കന്യാസ്ത്രീമാർ ദുർഗ് ജയിലിൽനിന്നു പുറത്തേക്കുവന്നത്. കന്യാസ്ത്രീമാരുടെ മോചനം സാധ്യമാക്കിയതിനെ ചൊല്ലിയും വിവിധ രാഷ്ട്രീയപാർട്ടികൾ അവകാശവാദം ഉന്നയിച്ചു.
അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റം തെളിയിക്കാൻ സാധിക്കാത്തതിനാൽ കന്യസ്ത്രീകൾ കുറ്റക്കാരല്ലെന്നു ഭരണകൂടം എഴുതി നൽകണമെന്നും എഫ്ഐആർ റദ്ദാക്കുന്നതിനുള്ള സമ്മർദമാണ് ഇനി നടത്തുന്നതെന്നും എംപിമാരായ ജോസ് കെ. മാണി, ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തർ, എംഎൽഎമാരായ റോജി എം. ജോണ്‍, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ദുർഗിൽ പറഞ്ഞു. ഭരണഘടനയുടെ വിജയമാണിതെന്നായിരുന്നു പി. സന്തോഷ് കുമാർ എംപിയുടെ പ്രതികരണം.
ചില നേതാക്കളുടെ ഇടപെടൽ മൂലമാണു കന്യാസ്ത്രീകളുടെ ജാമ്യം മൂന്നു ദിവസം വൈകിയതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ദുർഗിൽ പത്രലേഖകരോടു പറഞ്ഞു.
കന്യാസ്ത്രീമാരുടെ കൂടെ എപ്പോഴും ഉണ്ടെന്ന് ഉറപ്പുനൽകിയെന്നും കൂടെയുണ്ടെന്നും ജാമ്യം നേടിയെടുത്തതിൽ വലിയ സന്തോഷമുണ്ടെന്നും ബിജെപി നേതാക്കളായ ഷോണ്‍ ജോർജും അനൂപ് ആന്റണിയും പറഞ്ഞു. കേരളത്തിൽനിന്നുള്ള യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾ ഒരാഴ്ചയോളമായി ദുർഗിലെത്തി കന്യാസ്ത്രീകൾക്കു പിന്തുണ നൽകിയിരുന്നു.