തെരഞ്ഞെടുപ്പു കമ്മീഷൻ മോദിയുടെ പാവ: ഖാർഗെ
Sunday, August 3, 2025 2:26 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: തെരഞ്ഞെടുപ്പു കമ്മീഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാവയായി മാറിയെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എഐസിസി നിയമവിഭാഗം ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പു കമ്മീഷൻ പ്രധാനമന്ത്രി മോദിയുടെ പാവയായി മാറിയെന്നതിനു തെളിവാണ് ബിഹാറിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ. മോദിയുടെയും ബിജെപി ഭരണത്തിന്റെയും കീഴിൽ ഭരണഘടന അപകടത്തിലാണ്.
അതു സംരക്ഷിക്കേണ്ടത് ഓരോ കോണ്ഗ്രസ് നേതാവിന്റെയും പ്രവർത്തകന്റെയും കടമയാണ്. ഭരണഘടന ഇന്ന് അപകടത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയിരുന്നെങ്കിൽ അവർ ഭരണഘടന മാറ്റുമായിരുന്നു. 400ലേറെ സീറ്റ് പ്രഖ്യാപിച്ചവരുടെ മുഖത്ത് ജനം അടി കൊടുത്തു. അതാണു ജനശക്തിയെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുകൂടിയായ ഖാർഗെ പറഞ്ഞു.
ബിഹാറിലെ വോട്ടർപട്ടിക പുതുക്കലിലൂടെ 65 ലക്ഷം പേരുടെ സമ്മതിദാനാവകാശം നിഷേധിക്കപ്പെട്ടു. ബിജെപി ഭരണത്തിൽ മടുത്ത് കോണ്ഗ്രസിന് വോട്ട് ചെയ്യാവുന്ന എല്ലാ ദരിദ്രരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ന്യൂനപക്ഷങ്ങളുടെയും വോട്ടവകാശം കവർന്നെടുക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ആഗ്രഹിക്കുന്നു.
മഹാരാഷ്ട്രയിലും കർണാടകയിലും നടന്ന വോട്ടർപട്ടിക ക്രമക്കേടിനെക്കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞതിനെല്ലാം തെളിവുണ്ടെന്നും കോണ്ഗ്രസ് പ്രസിഡന്റ് വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കൃത്രിമത്തിന്റെ തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുൽ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 15 മണ്ഡലങ്ങളിൽ കൃത്രിമം നടന്നില്ലായിരുന്നെങ്കിൽ മോദി ഇന്നു പ്രധാനമന്ത്രി ആകുമായിരുന്നില്ലെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. 70 മുതൽ 100 വരെ സീറ്റുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കോണ്ഗ്രസ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടന്നതിനു വ്യക്തമായ തെളിവുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ വെളിപ്പെടുത്തും. ആറു മാസത്തോളം കഠിനാധ്വാനം ചെയ്താണു ക്രമക്കേടുകളുടെ വിശദാംശങ്ങൾ സംഘടിപ്പിച്ചത്. ഒരിടത്ത് 6.5 ലക്ഷം വോട്ടർമാരിൽ 1.5 ലക്ഷം പേർ വ്യാജന്മാരായിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷൻ നിലവിലില്ലെന്നതിനും തെളിവുണ്ട്. അത് അപ്രത്യക്ഷമായി -രാഹുൽ പറഞ്ഞു.
മതേതരത്വം ഇല്ലാതാക്കാൻ ബിജെപി ശ്രമം: സോണിയ
അംബേദ്കറുടെ തുല്യപൗരത്വം എന്ന ദർശനത്തിന്റെ അടിസ്ഥാനമായ സോഷ്യലിസവും മതേതരത്വവും ഇല്ലാതാക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്ന് സമ്മേളനത്തിൽ സന്ദേശം നൽകിയ മുതിർന്ന കോണ്ഗ്രസ് നേതാവ് സോണിയ ഗാന്ധി പറഞ്ഞു. ഏതാനും കോർപറേറ്റുകളെ ഉപയോഗിച്ച് നമ്മുടെ ജനാധിപത്യ റിപ്പബ്ലിക്കിനെ അട്ടിമറിക്കുകയാണെന്നും സോണിയ കുറ്റപ്പെടുത്തി.
ബിജെപിയും ആർഎസ്എസും സ്വാതന്ത്ര്യത്തിനോ സമത്വത്തിനോ വേണ്ടി ഒരിക്കലും പോരാടിയിട്ടില്ല. ഭരണഘടനാ സ്ഥാപനങ്ങളെ അവർ ഇല്ലാതാക്കി, വിയോജിപ്പുകളുള്ളവരെ കുറ്റവാളികളാക്കി. ന്യൂനപക്ഷങ്ങളെ ലക്ഷ്യംവച്ചു. ദളിതരെയും ആദിവാസികളെയും പിന്നാക്കക്കാരെയും അധ്വാനിക്കുന്ന ദരിദ്രരെയും സംഘപരിവാറുകാർ വഞ്ചിച്ചെന്നും സന്ദേശത്തിൽ സോണിയ ചൂണ്ടിക്കാട്ടി.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഏജന്റുമാരായാണ് ഗവർണർമാർ പ്രവർത്തിക്കുന്നതെന്ന് ഭരണഘടനാ വെല്ലുവിളികളെക്കുറിച്ചു സംസാരിച്ച മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി ആരോപിച്ചു. ഒരു ശബ്ദവും ഒരു പാർട്ടയും ഒരു പ്രത്യയശാസ്ത്രവുമായി രാജ്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.