മെദ്വദെവിനു മറുപടിയായി അന്തർവാഹിനികൾ വിന്യസിച്ച് ട്രംപ്
Saturday, August 2, 2025 11:21 PM IST
വാഷിംഗ്ടൺ ഡിസി: റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവിന്റെ പ്രകോപന പ്രസ്താവനകൾക്കു മറുപടിയായി രണ്ട് ആണവ അന്തർവാഹിനികളെ ഉചിതസ്ഥലത്തു വിന്യസിക്കാൻ ഉത്തരവിട്ടതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.
മെദ്വദെവിന്റെ വിവേകരഹിത പ്രസ്താവനകൾ എങ്ങാനാനും യാഥാർഥ്യമായാലോ എന്നു കരുതിയാണ് തന്റെ നീക്കമെന്ന് ട്രംപ് വിശദീകരിച്ചു.
റഷ്യൻ സുരക്ഷാസമിതിയുടെ ഡെപ്യൂട്ടി ചെയർമാൻകൂടിയായ മെദ്വദെവും ട്രംപും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണ് ഈ സംഭവം. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ ഓഗസ്റ്റ് എട്ടിനകം റഷ്യയിൽനിന്നുണ്ടായില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നല്കിയിരുന്നു.
ട്രംപിന്റെ അന്ത്യശാസനങ്ങൾ അമേരിക്കയുമായുള്ള യുദ്ധത്തിലേക്കു നയിക്കുമെന്നു പറഞ്ഞ മെദ്വദെവ്, റഷ്യ ആണവായുധം പ്രയോഗിക്കുമെന്ന സൂചനയും നല്കിയിരുന്നു.
രണ്ട് ആണവ അന്തർവാഹിനികൾ എവിടെയാണു വിന്യസിക്കുന്നതെന്ന് വെളിപ്പെടുത്താൻ ട്രംപ് തയാറായില്ല. ആണവ ശക്തിയിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയാണോ, അണ്വായുധം വഹിക്കുന്ന അന്തർവാഹിനിയാണോ ഉദ്ദേശിച്ചതെന്നും വ്യക്തമാക്കിയിട്ടില്ല.
മെദ്വദെവ് പരാജിതനായ പ്രസിഡന്റാണെന്നും അപകടകരമായ മേഖലയിലേക്കാണ് അദ്ദേഹം ചുവടുവയ്ക്കുന്നതെന്നും ട്രംപ് നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.
2008 മുതൽ 2012 വരെ റഷ്യൻ പ്രസിഡന്റായിരുന്ന ദിമിത്രി മെദ്വദെവ് ഇപ്പോഴത്തെ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിശ്വസ്തനാണ്.
യുക്രെയ്ൻ യുദ്ധത്തെ ശക്തമായി പിന്തുണയ്ക്കുന്ന അദ്ദേഹം പാശ്ചാത്യ ശക്തികൾക്കെതിരേ പ്രകോപന പ്രസ്താവനകൾ നടത്താറുണ്ട്.