ലോകത്തെ വിറപ്പിച്ച് ഭൂകന്പവും സുനാമിയും
Wednesday, July 30, 2025 11:03 PM IST
ടോക്കിയോ: ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ശക്തമായ ഭൂകന്പങ്ങളിലൊന്ന് റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായതിനെത്തുടർന്ന് പസഫിക് സമുദ്രത്തിന്റെ തീരത്തുടനീളം സുനാമി മുന്നറിയിപ്പു പുറപ്പെടുവിക്കുകയും ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയും ചെയ്യേണ്ടിവന്നു. റഷ്യയിലെ കാംചട്ക പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 11.25നുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 8.8 തീവ്രതയാണു രേഖപ്പെടുത്തിയത്.
റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി അനുഭവപ്പെട്ടെങ്കിലും വ്യാപകമായ നാശനഷ്ടമുണ്ടായില്ല. റഷ്യയിൽ കുറച്ചുപേർക്കു പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തി മൂലമാണ് പലർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ സുനാമി മുന്നറിയിപ്പു പ്രദേശത്തുനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു അന്പത്തിയെട്ടുകാരി മരിച്ചതൊഴിച്ചാൽ മറ്റ് ആളപായമില്ല.
കംചട്ക പ്രദേശത്ത് പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ലോകത്തുണ്ടാകുന്ന ആറാമത്തെ ശക്തിയേറിയ ഭൂകന്പമാണിത്.
റഷ്യ, ജപ്പാൻ, യുഎസിന്റെ പടിഞ്ഞാറൻ തീരപ്രദേശം, ഹവായ് (യുഎസ്), അലാസ്ക (യുഎസ്), ഗുവാം (യുഎസ്), മൈക്രോനേഷ്യ, ഫിലിപ്പീൻസ്, ഇക്വഡോർ, കൊളംബിയ, ചിലി, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽ അഞ്ചു മീറ്റർ വരെ ഉയരമുള്ള സുനാമി ഉണ്ടാകാമെന്നായിരുന്നു ഇന്നലത്തെ മുന്നറിയിപ്പ്.
ജപ്പാനിലെ ഹൊക്കെയ്ഡോയിൽ 60 സെന്റിമീറ്ററും കുജി തുറമുഖത്ത് 1.3 മീറ്ററും ഉയരമുള്ള തിരകളുണ്ടായി. അമേരിക്കയിലെ ഹാവായിയിൽ 1.8 മീറ്റർ, കലിഫോർണിയയിൽ അര മീറ്റർ, അലാസ്കയിൽ 30 സെന്റിമീറ്റർ എന്നിങ്ങനെ ഉയരത്തിൽ തിരകളുണ്ടായി. ഫ്രഞ്ച് പോളിനേഷ്യയിൽ 1.1 മീറ്റർ ഉരമുള്ള സുനാമിയും രേഖപ്പെടുത്തി. പല രാജ്യങ്ങളും പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിക്കുകയുണ്ടായി.
നാശനഷ്ടം പരിമിതം
റഷ്യയിൽ കംചട്ക പ്രദേശത്ത് കുറിൾ ദ്വീപുകളിൽ നാലു മീറ്റർ ഉയരമുള്ള സുനാമിത്തിരകളുണ്ടായി. ഇവിടത്തെ സെവ്റോ-കുറിൾസ് പട്ടണത്തിന്റെ 400 മീറ്റർ ഉള്ളിലേക്ക് കടൽ കയറിവന്നു. തീരപ്രദേശത്തെ ഉയരം കുറഞ്ഞ കെട്ടിടങ്ങൾ മുങ്ങിപ്പോയി. കംചട്കയിലെ തുറമുഖവും വെള്ളത്തിലായി. ചെറിയ കപ്പലുകൾ ഒഴുകിപ്പോയി. പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിലെ കിന്റർഗാർട്ടൻ നശിച്ചു. ആശയവിനിമയ സംവിധാനങ്ങൾ ചെറിയ തോതിൽ നശിച്ചു. കുറിൽ ദ്വീപുകളുടെ വടക്കുഭാഗത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിക്കേറ്റവരുടെയെല്ലാം ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റഷ്യൻ വൃത്തങ്ങൾ അറിയിച്ചത്.
മുൻകരുതലെടുത്ത് ജപ്പാൻ
2011ലെ സുനാമി ദുരന്തത്തിന്റെ ഓർമ പേറുന്ന ജപ്പാനിൽ വലിയ തോതിലുള്ള മുന്നൊരുക്കങ്ങളുണ്ടായി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പു സൈറണുകൾ മുഴങ്ങി. സർക്കാർ നിർദേശം അനുസരിച്ച് തീരപ്രദേശങ്ങളിലെ ലക്ഷക്കണക്കിനു പേർ ഒഴിഞ്ഞുപോയി. സുനാമി വരുമെന്നു പേടിച്ച് ജനം കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കയറി നിൽക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചു.
ഫുക്കുഷിമ അണുശക്തി നിലയത്തിലുള്ള 4000 ജീവനക്കാരെ ആദ്യമേ ഒഴിപ്പിച്ചുമാറ്റി. 2011 മാർച്ചിലെ ഭൂകന്പത്തിലും സുനാമിയിലും നിലയത്തിനു വലിയ തകരാറുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തങ്ങളിലൊന്നായിരുന്നു.