കംബോഡിയ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് തായ്ലൻഡ്
Wednesday, July 30, 2025 2:29 AM IST
ബാങ്കോക്ക്: വെടിനിർത്തൽ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം കംബോഡിയ അത് ലംഘിച്ചുവെന്ന് തായ്ലൻഡ് ഇന്നലെ ആരോപിച്ചു. കരാറിനു സാക്ഷികളായ മലേഷ്യ, യുഎസ്, ചൈന എന്നീ രാജ്യങ്ങളെ വിവരം ധരിപ്പിച്ചതായും തായ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതം വെചായാചൈ അറിയിച്ചു.
“വലിയ തോതിൽ ക്രമാനുഗതമായ രീതിയിലാണു ലംഘനങ്ങൾ അരങ്ങേറുന്നത്’’-അദ്ദേഹം പറഞ്ഞു. അഭയാർഥി ക്യാന്പുകൾ വിട്ട് അതിർത്തി മേഖലയിലുള്ള സ്വന്തം വീടുകളിലേക്കു മടങ്ങരുതെന്നും വെചായാചൈ തായ് പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ, ആരോപണം കംബോഡിയൻ ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. അർധരാത്രിയിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ കംബോഡിയൻ സൈന്യം കർശനമായി നടപ്പിലാക്കിയിട്ടുണ്ടെന്നും അത് തുടരുമെന്നും പ്രതിരോധ വക്താവ് ഒരു ദിനപത്രത്തോടു പ്രതികരിച്ചു.
അതിർത്തിയിലെ തർക്കമേഖലയായ താ മ്വാൺ തോം ക്ഷേത്രത്തിന്റെ സമീപത്തായി കുഴിബോംബ് പൊട്ടിത്തെറിച്ച് അഞ്ച് തായ് സൈനികർക്ക് പരിക്കേറ്റ സംഭവമാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കലാശിച്ചത്. സംഘർഷത്തിന്റെ അഞ്ചാം ദിനമാണ് വെടിനിർത്തലിന് ധാരണയായത്.