ഗാസയിലെ മൂന്നിടങ്ങളിൽ 10 മണിക്കൂർ വെടിനിർത്തൽ
Monday, July 28, 2025 1:22 AM IST
ഗാസ: ഗാസയിലെ മൂന്ന് പ്രദേശങ്ങളിൽ ദിവസേന 10 മണിക്കൂർ വീതം ആക്രമണം നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ. പ്രദേശത്ത് പട്ടിണി വർധിച്ചതോടെ അന്തരാഷ്ട്ര വിമർശനം രൂക്ഷമായതിനു പിന്നാലെയാണു പരിമിതമായ വെടിനിർത്തലിന് ഇസ്രയേൽ തയാറായിരിക്കുന്നത്. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, മുവാസി എന്നിവിടങ്ങളിൽ തന്ത്രപരമായ താത്കാലിക വെടിനിർത്തൽ നടപ്പാക്കുമെന്നു സൈന്യം അറിയിച്ചു. സഹായ വിതരണത്തിനാണ് ആക്രമണം നിർത്തുന്നത്. രാവിലെ 10 മുതൽ രാത്രി എട്ടുവരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്.
മാവ്, പഞ്ചസാര, ടിന്നിലടച്ച ഭക്ഷണം എന്നിവയുൾപ്പെടെ ഗാസയിലേക്കു വ്യോമമാർഗം ഇട്ടുകൊടുത്തതായും സൈന്യം അറിയിച്ചു. സഹായ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികളെ ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജൻസി സ്വാഗതം ചെയ്തു. എന്നാൽ ഗാസയിലെ എല്ലാവർക്കും ഭക്ഷ്യസാധനങ്ങൾ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശാലമായ വെടിനിർത്തൽ വേണമെന്നും യുഎൻ ഏജൻസി ആവശ്യപ്പെട്ടു. ഗാസയിലെ ഏകദേശം രണ്ട് ദശലക്ഷം ജനസംഖ്യയിൽ മൂന്നിലൊന്ന് പേർ ദിവസങ്ങളായി ഭക്ഷണം കഴിക്കുന്നില്ലെന്നും അഞ്ചു ലക്ഷത്തോളം പേർ ക്ഷാമത്തിലാണെന്നും വേൾഡ് ഫുഡ് പ്രോഗ്രാം പ്രസ്താവനയിൽ പറഞ്ഞു.
താത്കാലിക വെടിനിർത്തലിന് മുമ്പ്, വ്യത്യസ്ത ആക്രമണങ്ങളിൽ 27 പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. മധ്യ ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ആളുകളുടെ നേർക്കുണ്ടായ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. 101 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തെക്കൻ നഗരമായ ഖാൻ യൂനിസിന്റെ വടക്കുപടിഞ്ഞാറുള്ള അസ്ദ പ്രദേശത്ത് അഭയാർഥി കുടുംബം താമസിച്ചിരുന്ന ടെന്റിനു നേർക്കുണ്ടായ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ, ശനിയാഴ്ച വൈകുന്നേരം പാർപ്പിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ, ദെയ്ർ-അൽ-ബലായിൽ, ടെന്റിലുണ്ടായ ആക്രമണത്തിൽ ദമ്പതികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടു.
ഗാസയ്ക്കുള്ള മരുന്നും ഭക്ഷണവും തടഞ്ഞ് ഇസ്രയേൽ
ടെൽ അവീവ്: ഗാസയ്ക്കു സഹായവുമായെത്തിയ കപ്പൽ തടഞ്ഞ് ഇസ്രയേൽ. ഗാസയിലേക്ക് ഭക്ഷണവും മരുന്നുമായെത്തിയ കപ്പലാണ് ഇസ്രയേൽ സൈന്യം തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന മനുഷ്യാവകാശപ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും സൈന്യം കസ്റ്റഡിയിലെടുത്തു.
21 പേരെയാണ് കസ്റ്റഡിയിലെടുത്തത്. കപ്പലിലെ എല്ലാ സാധനങ്ങളും സൈന്യം പിടിച്ചെടുത്തതായി ഫ്രീഡം ഫ്ലോട്ടില്ല കോയലിഷൻ സംഘടന പറഞ്ഞു. ഗാസ കൊടിയ പട്ടിണിയിലാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് പുറത്തുനിന്നുള്ള സഹായം ഇസ്രയേൽ വീണ്ടും തടയുന്നത്.