പലസ്തീൻ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പ് ഈ വർഷമെന്ന് അബ്ബാസ്
Monday, July 21, 2025 12:45 AM IST
രമള്ള: പലസ്തീൻ വിമോചന മുന്നണിയുടെ പരമോന്നത സമിതിയായ പലസ്തീൻ നാഷണൽ കൗൺസിലിലേക്കുള്ള(പിഎൻസി) തെരഞ്ഞെടുപ്പ് ഈ വർഷം അവസാനം നടത്തുമെന്ന് പലസ്തീൻ അഥോറിറ്റി പ്രസിഡന്റ് മെഹ്മൂദ് അബ്ബാസ് അറിയിച്ചു.
350 അംഗങ്ങളായിരിക്കും കൗൺസിലിൽ ഉണ്ടാവുക. ഇതിൽ മൂന്നിൽ രണ്ട് അംഗങ്ങളെ വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കൻ ജറൂസലെം എന്നിവിടങ്ങളിൽനിന്നാകും തെരഞ്ഞെടുക്കുക. ശേഷിക്കുന്ന സീറ്റുകൾ പ്രവാസി പലസ്തീനികൾക്കുള്ളതാണ്.
പലസ്തീൻ രാഷ്ട്രരൂപീകരണ ശ്രമങ്ങൾക്കു ശക്തി പകരാൻ വേണ്ടിയാണ് അബ്ബാസിന്റെ നീക്കങ്ങൾ. ഗാസയിൽ ഹമാസിനെ മാറ്റി പലസ്തീൻ അഥോറിറ്റി ഭരണം കൊണ്ടുവരാനും അബ്ബാസിന് ഉദ്ദേശ്യമുണ്ട്.
പലസ്തീൻ അഥോറിറ്റി പാർലമെന്റായ പലസ്തീൻ ലജിസ്ലേറ്റീവ് കൗൺസിലിൽനിന്നു (പിഎൽസി) വ്യത്യസ്തമായി സകലമാന പലസ്തീനികളെയും പ്രതിനിധീകരിക്കുന്ന സംവിധാനമാണ് പിഎൻസി. വളരെ കുറച്ചുതവണ മാത്രമാണ് പിഎൻസി യോഗം ചേർന്നിരിക്കുന്നത്.
പിഎൽസി തെരഞ്ഞെടുപ്പ് അവസാനമായി നടന്നത് 2006ലാണ് . ഈ തെരഞ്ഞെടുപ്പിലാണ് ഹമാസ് ഭീകരർ അബ്ബാസിന്റെ ഫത്താ പ്രസ്ഥാനത്തെ തോൽപ്പിച്ച് ഗാസയുടെ ഭരണം പിടിച്ചെടുത്തത്.