സിറിയയിൽ വെടിനിർത്തൽ; ദ്രൂസ് പ്രദേശത്തുനിന്ന് സൈന്യം പിന്മാറി
Thursday, July 17, 2025 11:54 PM IST
ഡമാസ്കസ്: സിറിയയിൽ സർക്കാർ സേനയും ദ്രൂസ് ന്യൂനപക്ഷവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടൽ അവസാനിച്ചതായി റിപ്പോർട്ട്.
യുഎസ്, തുർക്കി, അറബ് നേതൃത്വങ്ങൾ നടത്തിയ മധ്യസ്ഥശ്രമങ്ങളാണ് വെടിനിർത്തൽ യാഥാർഥ്യമാക്കിയത്. ദ്രൂസുകൾ സിറിയയുടെ അഭിവാജ്യ ഘടകമാണെന്നും അവരെ സംരക്ഷിക്കുമെന്നും പ്രസിഡന്റ് അഹമ്മദ് അൽ ഷാര ഇന്നലെ പറഞ്ഞു.
ദ്രൂസുകൾക്കു ഭൂരിപക്ഷമുള്ള സുവെയ്ദ മേഖലയിൽ തിങ്കളാഴ്ചയാരംഭിച്ച സംഘർഷത്തിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ട്. ദ്രൂസുകളെ സംരക്ഷിക്കാനായി ഇസ്രേലി സേന ബുധനാഴ്ച ഡമാസ്കസിലെ സിറിയൻ പ്രതിരോധ മന്ത്രാലയത്തിലും പ്രസിഡൻഷ്യൽ പാലസിന്റെ സമീപത്തും വ്യോമാക്രമണം നടത്തിയിരുന്നു.
ദ്രൂസ് മേഖലയിൽനിന്നു സിറിയൻ സേന പിൻവാങ്ങിയില്ലെങ്കിൽ ആക്രമണം തുടരുമെന്നും ഇസ്രേലി സേന മുന്നറിയിപ്പു നല്കി. ഇതിനു പിന്നാലെയാണു സംഘർഷം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ ഊർജിതമായത്.
ദ്രൂസ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടാണു സംഘർഷം തുടങ്ങിയത്. തുടർന്ന് ദ്രൂസുകൾ സുന്നി ബെദൂയിൻ ഗോത്രവുമായി ഏറ്റുമുട്ടി. സുന്നികളും സംഘർഷം നിയന്ത്രിക്കാനെത്തിയ സിറിയൻ സേനയും ദ്രൂസുകളെ ആക്രമിക്കുകയായിരുന്നു.
വെടിനിർത്തലിന്റെ പശ്ചാത്തലത്തിൽ സിറിയൻ സേന സുവെയ്ദ പ്രദേശത്തുനിന്നു പിന്മാറി.