നിരോധിത പലസ്തീൻ സംഘടനയെ അനുകൂലിച്ചവർ അറസ്റ്റിൽ
Monday, July 14, 2025 1:48 AM IST
ലണ്ടൻ: ബ്രിട്ടീഷ് സർക്കാർ തീവ്രവാദസംഘടനയായി മുദ്രകുത്തി നിരോധിച്ച പലസ്തീൻ ആക്ഷ ൻ എന്ന സംഘടനയെ പിന്തുണച്ചു പ്രകടനം നടത്തിയവർ അറസ്റ്റിൽ. ശനിയാഴ്ച ലണ്ടൻ, മാഞ്ചസ്റ്റർ, സൗത്ത് വെയ്ൽസ് എന്നിവടങ്ങളിലായി 70 പേർ അറസ്റ്റിലായെന്നാണു റിപ്പോർട്ട്.
ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ നടന്ന പ്രകടനത്തിൽ അന്പതോളം പേരാണ് പങ്കെടുത്തത്. 41 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച വേറെ 29 പേർ അറസ്റ്റിലായിരുന്നു.
ഈമാസം ആദ്യമാണ് ബ്രിട്ടീഷ് പാർലമെന്റ് ഈ സംഘടനയെ നിരോധിച്ചത്. സംഘടനാ പ്രവർത്തകർ ബ്രിട്ടീഷ് വ്യോമസേനാ താവളത്തിൽ അതിക്രമിച്ചുകയറി വിമാനങ്ങൾക്കു നാശം വരുത്താൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു ഇത്. ഗാസ യുദ്ധത്തിൽ ബ്രിട്ടനും പങ്കുണ്ടെന്നാരോപിച്ചായിരുന്നു സംഘടനയുടെ വ്യത്യസ്ത പ്രതിഷേധം. ഹമാസ്, അൽക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ സംഘടനകളുടെ പട്ടികയിലാണ് പലസ്തീൻ ആക്ഷനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സംഘടനയിൽ ചേർന്നാൽ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം.