ട്രംപിന്റെ വിമർശനത്തിനു പിന്നാലെ യുക്രെയ്നിൽ റഷ്യൻ ഡ്രോൺ മഴ
Thursday, July 10, 2025 2:00 AM IST
കീവ്: യുക്രെയ്ന് കൂടുതൽ ആയുധങ്ങൾ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. ചൊവ്വാഴ്ച രാത്രി റഷ്യൻ സേന 728 ഡ്രോണുകൾ യുക്രെയ്നു നേരേ പ്രയോഗിച്ചു.
പൊളിഷ് അതിർത്തിയോടു ചേർന്ന വടക്കുപടിഞ്ഞാറൻ യുക്രെയ്നിലെ ലുറ്റ്സ്ക് നഗരത്തെയാണ് റഷ്യൻ സേന പ്രധാനമായും ലക്ഷ്യമിട്ടത്. റഷ്യൻ ഡ്രോണുകളിൽ ഭൂരിഭാഗവും നിർവീര്യമാക്കിയെന്നാണ് യുക്രെയ്ൻ സേന അറിയിച്ചത്. അതേസമയം വ്യാപകമായി കെട്ടിടങ്ങൾ നശിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ സമാധാനനീക്കങ്ങളോട് സഹകരിക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപ് യുക്രെയ്നു കൂടുതൽ ആയുധങ്ങൾ നല്‍കുമെന്നറിയിച്ചത്. പുടിനെ അദ്ദേഹം നിശിതമായി വിമർശിക്കുകയുമുണ്ടായി
പുടിൻ ആകർഷകമായിട്ടാണ് പെരുമാറുന്നതെങ്കിലും അസംബന്ധമാണ് പറയാറുള്ളതെന്ന് ട്രംപ് ആരോപിച്ചു. റഷ്യക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ചുമത്താൻ നിർദേശിക്കുന്ന ബിൽ പരിഗണനയിലുണ്ടെന്നും ട്രംപ് അറിയിച്ചു. റഷ്യയിൽനിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം ചുങ്കം ചുമത്താനാണ് ബില്ലിൽ നിർദേശിക്കുന്നത്.
ട്രംപ് ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റായതു മുതൽ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ഉപാധികളില്ലാതെ വെടിനിർത്തണമെന്ന ട്രംപിന്റെ ആവശ്യം അംഗീകരിക്കാൻ പുടിൻ തയാറല്ലെന്നാണ് റിപ്പോർട്ട്. യുക്രെയ്നെ നിരായുധീകരിക്കുക, റഷ്യക്കുമേലുള്ള പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ചിരിക്കുന്ന റഷ്യൻ ആസ്തികൾ വിട്ടുനല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പുടിൻ ഉന്നയിക്കുന്നത്. ആദ്യകാലങ്ങളിൽ പുടിനെ പ്രംശസിച്ചിരുന്ന ട്രംപ് ഇപ്പോൾ അദ്ദേഹത്തെ നിശിതമായി വിമർശിക്കാൻ തുടങ്ങിയിട്ടുണ്ട്.