ആഗോള സംഘടനകളിൽ വലിയൊരു ജനവിഭാഗത്തിനു പ്രാതിനിധ്യമില്ല: മോദി
Monday, July 7, 2025 1:44 AM IST
റിയോഡിജനിറോ: ആഗോള സന്പദ്ഘടനയിൽ വലിയ സംഭാവനകൾ നൽകുന്നവരാണെങ്കിലും നിർണായക തീരുമാനങ്ങളെടുക്കുന്ന വേദികളിൽ ഏഷ്യൻമേഖലയിലെ രാജ്യങ്ങൾ അവഗണിക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇരട്ട നിലപാടിന്റെ ഇരയാവുകയാണ് പലപ്പോഴും ഈ രാജ്യങ്ങൾ. യുഎൻ രക്ഷാസമിതി ഉൾപ്പെടെ സുപ്രധാനവേദികളിൽ അടിയന്തരമായി പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
ബ്രസീലിയൻ നഗരമായ റിയോഡി ജനീറോയിൽ ഇന്നലെയാണു പതിനേഴാമതു ബ്രിക്സ് ഉച്ചകോടിക്കു തുടക്കംകുറിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഗാലിയോ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
ആഗോള സുരക്ഷ, സമാധാനം എന്നതാണ് ഉച്ചകോടിയിലെ പ്രധാനചർച്ചാവിഷയം. ഉച്ചകോടിക്ക് സമാന്തരമായി വിവിധ ആഗോള നേതാക്കളുമായി മോദി ചര്‍ച്ചകള്‍ നടത്തും. ഇന്ത്യക്കു പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഈജിപ്ത്, യു എ ഇ, എത്യോപ്യ, ഇന്തോനേഷ്യ, ഇറാന് എന്നിവയാണ് ബ്രിക്സ് ഗ്രൂപ്പിലെ അംഗങ്ങൾ.