ഹിസ്ബുള്ളയുടെ നിരായുധീകരണം സ്വാഗതാർഹമെന്ന് നെതന്യാഹു
Tuesday, August 26, 2025 2:32 AM IST
ജറൂസലെം: 2025 അന്ത്യത്തോടെ ഹിസ്ബുള്ളയെ നിരായുധീകരിക്കാനുള്ള ലബനീസ് മന്ത്രിസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഇത് യാഥാർഥ്യമായാൽ ഇസ്രയേൽ സൈന്യം ലബനനിൽനിന്നു ഘട്ടം ഘട്ടമായി പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ, ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധം കഴിഞ്ഞ നവംബറിലാണ് അവസാനിച്ചത്.
അതേസമയം, ലബനനിൽ ഇസ്രയേൽ നിയന്ത്രിക്കുന്ന അഞ്ച് പർവതങ്ങളിൽ നിന്നു പിന്മാറാതെ, നിരായുധീകരണം ചർച്ച ചെയ്യില്ലെന്ന് ഹിസ്ബുള്ള അധികൃതർ അറിയിച്ചിട്ടുണ്ട്.