ഇന്ത്യയിൽ സുവിശേഷ പ്രഘോഷണത്തിനെത്തിയ ലിത്വാനിയൻ മിഷണറിയെ അനുസ്മരിച്ച് മാർപാപ്പ
Tuesday, August 26, 2025 2:32 AM IST
വത്തിക്കാൻ സിറ്റി: ഇന്ത്യയിൽ സുവിശേഷ പ്രഘോഷണത്തിനെത്തിയ ലിത്വാനിയൻ വൈദികൻ ഫാ. ആൻഡ്രിയസ് റുഡാമിന എസ്ജെയെ അനുസ്മരിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഫാ. ആൻഡ്രിയസ് റുഡാമിന ഇന്ത്യയിലെത്തിയതിന്റെ 400-ാം വാർഷികത്തോടനുബന്ധിച്ച് ഗോവ ആൻഡ് ഡാമൻ അതിരൂപതയ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിൽ, അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണതയെ മാർപാപ്പ എടുത്തുപറഞ്ഞു.
ഒരു മിഷണറി എന്ന നിലയിൽ ഫാ. റുഡാമിന നൽകിയ സാക്ഷ്യത്തിന് ദൈവത്തോടു നന്ദി പ്രകടിപ്പിക്കുന്നതിൽ പങ്കുചേരുകയാണെന്നു പറഞ്ഞ മാർപാപ്പ, ഇന്നത്തെ ലിത്വാനിയയിൽ ഇപ്പോഴും അദ്ദേഹത്തിന്റെ ഉറച്ച കത്തോലിക്കാ വിശ്വാസം കാണാൻ കഴിയുമെന്നും വ്യക്തമാക്കി.
സുവിശേഷം എല്ലാവരിലേക്കും എത്തിക്കുന്നതിൽ അദ്ദേഹം കാണിച്ച തീക്ഷ്ണതയും ധൈര്യവും നമ്മുടെ കാലഘട്ടത്തിലെ പലരെയും സുവിശേഷവത്കരണ ദൗത്യത്തോട് സമാനമായ ക്ഷമയോടും തീക്ഷ്ണതയോടുംകൂടി പ്രതികരിക്കാൻ പ്രേരിപ്പിക്കട്ടേയെന്നു പ്രാർഥിക്കുന്നതായും മാർപാപ്പ പറഞ്ഞു.
ഫാ. റുഡാമിനയുടെ മിഷണറി തീക്ഷ്ണതയും സാംസ്കാരിക അനുരൂപണവും പിന്തുടർന്ന് സാഹോദര്യത്തിന്റെയും അനുരഞ്ജനത്തിന്റെയും മാതൃകയാകാൻ അതിരൂപതയ്ക്കാകട്ടേയെന്നും മാർപാപ്പ ആശംസിച്ചു.
1625ലാണ് 29-ാം വയസിൽ ഫാ. റുഡാമിന 6000 മൈൽ കടന്ന് 11 പോർച്ചുഗീസ് മിഷനറിമാർക്കൊപ്പം ഇന്ത്യയിലെത്തിയത്. ഒരു വർഷത്തിനുശേഷം മലേറിയ പിടിപെട്ടതോടെ അദ്ദേഹത്തെ ചൈനയിലെ മിഷൻകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റി. ചൈനയിലെത്തി അഞ്ചു വർഷത്തിനുശേഷം ഫാ. റുഡാമിന രോഗം കലശലായി മരിച്ചു. ഫാ. റുഡാമിനയുടെ പേരിൽ 2015ൽ ലിത്വാനിയയിൽ സ്മാരകം നിർമിച്ചിരുന്നു.