ഗാസയിൽ ആശുപത്രിക്കു നേർക്ക് ഇസ്രേലി ആക്രമണം; അഞ്ചു മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു
Tuesday, August 26, 2025 2:32 AM IST
ജറൂസലെം: തെക്കൻ ഗാസയിലെ ആശുപത്രിക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ അഞ്ചു മാധ്യമപ്രവർത്തകരടക്കം 20 പേർ കൊല്ലപ്പെട്ടു. ഇന്നലെ രാവിലെ ഖാൻ യൂനിസിലെ നാസർ ആശുപത്രിക്കു നേർക്കാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ റോയിട്ടേഴ്സ്, അസോസിയേറ്റ്ഡ് പ്രസ്, അൽ ജസീറ എന്നിവയിലെ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. ആശുപത്രി ജീവനക്കാരും രോഗികളും കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകരെ തങ്ങൾ ലക്ഷ്യമിട്ടിട്ടില്ലെന്നാണ് ഇസ്രേലി സേനയുടെ വാദം.
ഹാതേം ഖാലിദ് (റോയിട്ടേഴ്സ് കാമറാമാൻ). മറിയം ദാഗ്ഗ (അസോസിയേറ്റഡ് പ്രസ്), മുഹമ്മദ് സലാമ, മോസ് അബു താഹ (ഇരുവരും അൽ-ജസീറ), അഹമ്മദ് അബു അസീസ് എന്നിവരാണു കൊല്ലപ്പെട്ടത്. ആക്രമണത്തെ യുഎൻ മനുഷ്യാവകാശ ഓഫീസ് അപലപിച്ചു.
തെക്കൻ ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയാണു നാസർ. നാലാം നിലയിലുണ്ടായിരുന്നവരാണു കൊല്ലപ്പെട്ടത്. രണ്ടു തവണയാണ് ആക്രമണമുണ്ടായത്. 22 മാസത്തെ യുദ്ധത്തിനിടെ ഈ ആശുപത്രി നിരന്തരം ആക്രമിക്കപ്പെട്ടിരുന്നു.
ജൂണിൽ നാസർ ആശുപത്രിക്കു നേർക്കുണ്ടായ ഇസ്രേലി ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു. ആശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന ഹമാസ് ഭീകരരെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നായിരുന്നു അന്ന് ഇസ്രേലി സേന പറഞ്ഞത്.
രണ്ടാഴ്ച മുന്പ് ഗാസ സിറ്റിയിലെ അൽ-ഷിഫ ആശുപത്രിയിലുണ്ടായ ഇസ്രേലി ആക്രമണത്തിൽ ആറു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ നാലു പേർ അൽ-ജസീറയിൽ ജോലി ചെയ്യുന്നവരായിരുന്നു. ഗാസാ യുദ്ധത്തിൽ ഇതുവരെ 192 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു.