ബോൾട്ടന്റെ വസതിയിൽ റെയ്ഡ്
Saturday, August 23, 2025 2:51 AM IST
വാഷിംഗ്ടൺ ഡിസി: ഒന്നാം ട്രംപ് ഭരണത്തിൽ യുഎസ് ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടന്റെ വസതിയിൽ എഫ്ബിഐ റെയ്ഡ്.
2020ൽ ബോൾട്ടൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ സർക്കാരുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു മെരിലാൻഡിലെ വസതിയിൽ റെയ്ഡ്. ‘ആരും നിയമത്തിന് അതീതരല്ല’ എന്നാണ് റെയ്ഡുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
2018-19 കാലഘട്ടത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ബോൾട്ടനെ ട്രംപ് പുറത്താക്കുകയായിരുന്നു. ബോൾട്ടൻ ഇപ്പോഴും നിശിതമായ വിമർശനങ്ങളിലൂടെ ട്രംപിനു തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇന്ത്യൻ ഇറക്കുമതിക്ക് 50 ശതമാനം ചുങ്കം ചുമത്തിയ ട്രംപിന്റെ നടപടിയെ ബോൾട്ടൻ വിമർശിച്ചിരുന്നു. ട്രംപിന്റെ നീക്കങ്ങൾ നയതന്ത്രപിഴവാണെന്നും റഷ്യയുമായും ചൈനയുമായും ഇന്ത്യ അടക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ട്രംപിന് വിദേശ നയത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും സ്വന്തം മാധ്യമപ്രതിച്ഛായയെക്കുറിച്ചു മാത്രമാണ് അദ്ദേഹത്തിന് ചിന്തയെന്നും 2020ലെ ബുക്കിൽ ബോൾട്ടൻ ആരോപിച്ചിരുന്നു.