ഗറില്ലാ ഗ്രൂപ്പ് ആക്രമണങ്ങൾ; കൊളംബിയയിൽ 18 മരണം
Saturday, August 23, 2025 2:51 AM IST
ബോഗോട്ട: തെക്കേ അമേരിക്കൻ രാജ്യമായ കൊളംബിയയിലുണ്ടായ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ 18 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു.
വടക്കുപടിഞ്ഞാറ് മാഡെലിൽ നഗരത്തിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ പോലീസ് ഹെലികോപ്റ്റർ തകർന്ന് അതിലുണ്ടായിരുന്ന 12 പോലീസുകാരും മരിച്ചു.
കൊക്കെയ്ൻ മയക്കുമരുന്ന് ഉത്പാദനകേന്ദ്രങ്ങളിൽ റെയ്ഡിനു പോയ ഹെലികോപ്റ്ററാണ് ആക്രമിക്കപ്പെട്ടത്.
പടിഞ്ഞാറൻ നഗരമായ കാലിയിൽ ഉണ്ടായ കാർബോംബ് സ്ഫോടനത്തിൽ ആറു പേർ മരിക്കുകയും അറുപതിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിൽ പ്രവർത്തിക്കുന്ന മിലിട്ടറി ഏവിയേഷൻ സ്കൂളിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. രണ്ടു സംഭവങ്ങൾക്കു പിന്നിലും ഗറില്ലാ സംഘങ്ങളാണെന്നാണ് അനുമാനം.