ലോകത്തിന്റെ മനംകവർന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു
Friday, August 22, 2025 3:42 AM IST
വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും സൗമ്യനായ ന്യായാധിപനെന്നും ലോകത്തിലെ ഏറ്റവും നല്ല ന്യായാധിപനെന്നുമൊക്കെ അറിയപ്പെടുന്ന അമേരിക്കൻ ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു.
പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ചു ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ റോഡ് ഐലൻ ഡിലുള്ള പ്രൊവിഡന്‍സ് മുനിസിപ്പല്‍ കോര്‍ട്ടിലെ മുന്‍ ജഡ്ജിയാണ് ഫ്രാങ്ക് കാപ്രിയോ. കോടതിമുറികളിലെ സഹാനുഭൂതിയുടെ കരസ്പര്ശംകൂടിയായിരുന്നു ഇദ്ദേഹം.
1936ല്‍ റോഡ് ഐലന്റി ന്റെ തലസ്ഥാനമായ പ്രൊവിഡന്‍സിലാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. 1985ല്‍ പ്രോവിഡന്‍സ് മുനിസിപ്പല്‍ കോര്‍ട്ടില്‍ ചീഫ് ജഡ്ജിയായിട്ടാണു തുടക്കം. 40 വര്‍ഷം നീണ്ട സേവനത്തിനൊടുവില്‍ 2023ല്‍ അദ്ദേഹം വിരമിച്ചു. അദ്ദേഹം അവതരിപ്പിച്ച ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന ഷോ എമ്മി നോമിനേഷന് അര്‍ഹമായിരുന്നു. കോടതിയില്‍ കുട്ടികളെ തനിക്കൊപ്പം വിളിച്ചിരുത്തി വാദങ്ങള്‍ കേള്‍ക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
അദ്ദേഹത്തിന്റെ ദിനചര്യ കാണിക്കുന്ന വീഡിയോദൃശ്യങ്ങള്‍ ടിക് ടോക്കില്‍ 50 ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിരുന്നു. കഴിഞ്ഞയാഴ്ച ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ താന്‍ ആശുപത്രിയിലാണെന്നും തന്നെയും നിങ്ങളുടെ പ്രാര്‍ഥനകളിൽ ഉള്‍പ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചിരുന്നു. മരിക്കുന്നതിന് നിമിഷങ്ങൾക്കുമുമ്പും തന്റെ തിരിച്ചുവരവിനുവേണ്ടി പ്രാർഥിക്കണമെന്ന് ഫോളോവേഴ്സിനോട് പറയുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
2023ലാണ് ഫ്രാങ്ക് കാപ്രിയോയ്ക്ക് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സ്ഥിരീകരിച്ചത്. 32 ലക്ഷം ഫോളോവേഴ്സുള്ള തന്റെ ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം നിരന്തരം അപ്ഡേറ്റുകൾ പങ്കുവയ്ക്കുമായിരുന്നു. കുറ്റവാളികളോടു കണ്ണില്ലാത്ത നീതിദേവതയെപ്പോലെയല്ല, ഹൃദയമുള്ള ഒരു വല്യപ്പനെപ്പോലെ സംസാരിക്കുകയും സഹതപിക്കുകയും സഹായിക്കുകയും ചെയ്തിരുന്ന ഒരു അസാമാന്യ ജഡ്ജിയായിരുന്നു ഫ്രാങ്ക് കാപ്രിയോ. അദ്ദേഹം കുറ്റാരോപിതരോട് സംസാരിക്കുന്നതു കേൾക്കുന്നതുതന്നെ ഹൃദയഭേദക അനുഭവമായിരുന്നു.
ചില കേസുകളിൽ കുറ്റവാളികൾക്കു പിഴ ചുമത്തേണ്ടിവരുമ്പോൾ നിവൃത്തിയില്ലാത്തവരുടെ പിഴയടയ്ക്കാൻ തന്റെ അമ്മയുടെ പേരിൽ ഒരു ഫൗണ്ടേഷൻതന്നെ അദ്ദേഹം സ്ഥാപിച്ചു. ഈ ഫൗണ്ടേഷൻ പിഴ പൂർണമായോ ഭാഗികമായോ വഹിക്കുമായിരുന്നു.