ഇസ്രേലി ബന്ധമുള്ള കപ്പലുകൾക്ക് തുർക്കിയിൽ നിരോധനം
Friday, August 22, 2025 3:42 AM IST
ഇസ്താംബൂൾ: ഇസ്രേലി ബന്ധമുള്ള ചരക്കുകപ്പലുകൾക്കു തുർക്കി തുറമുഖങ്ങളിൽ അപ്രഖ്യാപിത വിലക്ക്. തുർക്കി തുറമുഖങ്ങളിലെത്തുന്ന കപ്പലുകൾക്ക് ഇസ്രയേലുമായി ബന്ധമില്ലെന്ന് എഴുതി നല്‍കാനാണു നിർദേശം.
ഇക്കാര്യത്തിൽ ഔദ്യോഗിക ഉത്തരവ് നിലവിലില്ല. തുറമുഖ അധികൃതർ കപ്പൽ ജീവനക്കാരോട് വാക്കാൽ നിർദേശം നല്കുകയാണു ചെയ്യുന്നത്.
കപ്പലിന്റെ ഉടമസ്ഥൻ, മാനേജർ, പ്രവർത്തിപ്പിക്കുന്നയാൾ എന്നിവർക്ക് ഇസ്രയേലുമായി ബന്ധമില്ലെന്ന് എഴുതി നല്‍കിയാലേ തുർക്കി തുറമുഖങ്ങളിൽ നങ്കൂരത്തിന് അനുമതി ലഭിക്കൂ.
ഇസ്രയേലിലേക്കുള്ള ആയുധങ്ങൾ, സൈനിക ഉപകരണങ്ങൾ തുടങ്ങിയവ വഹിക്കുന്ന കപ്പലുകൾക്കും നിരോധനം ബാധകമാണ്.