ഗാസ സിറ്റിയിൽ ക്ഷാമം സ്ഥിരീകരിച്ചു
Saturday, August 23, 2025 2:51 AM IST
കയ്റോ: രണ്ടു വർഷമായി ഇസ്രേലി ആക്രമണം നേരിടുന്ന ഗാസ മുനന്പിലെ ഏറ്റവും വലിയ നഗരമായ ഗാസ സിറ്റി ക്ഷാമത്തിന്റെ പിടിയിലാണെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ (ഐപിസി) സമിതി സ്ഥിരീകരിച്ചു. റോം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഐപിസിയുടെ സ്കെയിൽ അനുസരിച്ചാണ് സർക്കാരുകളും സംഘടനകളും ആഗോളതലത്തിൽ പട്ടിണി വിലയിരുത്തുന്നത്.
ഐപിസി സ്കെയ്ലിലെ ഏറ്റവും ഉയർന്ന തോതായ ഫേസ് -5 ലാണു ഗാസ സിറ്റിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ 5.14 ലക്ഷം പലസ്തീനികൾ കടുത്ത പട്ടിണി നേരിടുന്നു. സെപ്റ്റംബർ അവസാനത്തോടെ മധ്യഗാസയിലെ ദെയിൽ അൽ ബലാ, തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശങ്ങളും ക്ഷാമത്തിന്റെ പിടിയിലാകും. ഇതോടെ കടുത്ത പട്ടിണി നേരിടുന്നവരുടെ എണ്ണം 6.41 ലക്ഷമായി ഉയരും.
ഒരു പ്രദേശത്തെ ജനതയുടെ 20 ശതമാനം പട്ടിണിയിലാവുക, പട്ടിണി നേരിടുന്ന കുട്ടികളിൽ മൂന്നിലൊരാൾ പോഷകക്കുറവു മൂലം മരിക്കുക, ദിവസവും പതിനായിരത്തിൽ രണ്ടു പേർ പട്ടിണിയോ രോഗമോ മൂലം മരിക്കുക എന്നീ സാഹചര്യങ്ങളിലാണ് ക്ഷാമം ഉണ്ടായി എന്ന് ഐപിസി സ്ഥിരീകരിക്കുന്നത്.
ഗാസ സിറ്റി, ദെയിർ അൽ ബലാ, ഖാൻ യൂനിസ് പ്രദേശങ്ങളെ അടിസ്ഥാനമാക്കി മാത്രമാണ് ഐപിസി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. പ്രവേശനം ലഭിക്കായ്മയും ഡേറ്റയുടെ അഭാവവും മൂലം വടക്കൻ ഗാസയുടെ സ്ഥിതി നിർണയിക്കാനായിട്ടില്ല. ഇപ്പോൾ കാര്യമായ ജനവാസമില്ലാത്ത തെക്കൻ ഗാസയിലെ റാഫ പ്രദേശത്തെ റിപ്പോർട്ടിൽനിന്ന് ഒഴിവാക്കി.
ഗാസയിൽ സിവിലിയൻ ജനത കൊല്ലപ്പെടുന്നതായും ദുരിതം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പോഷകദാരിദ്ര്യം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. മനുഷ്യനിർമിതമായ ക്ഷാമം വേണമെങ്കിൽ പരിഹരിക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു.
ഇസ്രേലി സേന ഗാസ സിറ്റി പിടിച്ചെടുക്കാൻ നീക്കമാരംഭിച്ചതിനു പിറ്റേന്നാണ് ഐപിസി റിപ്പോർട്ട് പുറത്തു വന്നത്. ഗാസയിൽ ക്ഷാമമില്ലെന്നും ഹമാസിന്റെ നുണകളെ അടിസ്ഥാനമാക്കിയാണ് ഐപിസി റിപ്പോർട്ട് തയാറാക്കിയതെന്നും ഇസ്രേലി വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചു.
അതേസമയം, ഗാസയിലേക്കുള്ള ഭക്ഷ്യസഹായം പൂർണമായി ഇസ്രേലി നിയന്ത്രണത്തിലാണ്. യുഎൻ സമിതികൾ ഉൾപ്പെടെ നൂറിലധികം സംഘടനകൾ ഗാസ ജനത കടുത്ത ദാരിദ്ര്യം നേരിടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്.
ഐപിസി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഗാസയിലേക്ക് പരിധിയില്ലാതെ സഹായവസ്തുക്കൾ ലഭ്യമാക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടു.
ഗാസ ജനതയുടെ ദുരിതം സങ്കല്പിക്കാവുന്നതിനും അപ്പുറമായെന്ന് ഇസ്രയേലിന്റെ മിത്രങ്ങളായ ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങൾ നേരത്തേ മുന്നറിയിപ്പു നല്കിയിരുന്നു.