സ്വാതന്ത്ര്യദിനത്തിൽ മാർപാപ്പയുടെ ആശംസാകത്ത് പങ്കുവച്ച് സെലൻസ്കി
Monday, August 25, 2025 12:30 AM IST
കീവ്: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷവേളയിൽ ആശംസയറിയിച്ചു ലെയോ പതിനാലാമൻ മാർപാപ്പ അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. മാർപാപ്പയുടെ ചിന്തോദ്ദീപകമായ വാക്കുകൾക്കും പ്രാർഥനയ്ക്കും യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യത്തെ ജനതയെ ചേർത്തുപിടിക്കുന്നതിനും നന്ദിയുണ്ടെന്ന് സെലൻസ്കി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
രാജ്യത്ത് എത്രയും വേഗം സമാധാനം സംജാതമാകട്ടേയെന്നാണു ഞങ്ങളുടെ എല്ലാവരുടെയും പ്രാർഥനയും പ്രതീക്ഷയും ശ്രമങ്ങളുമെന്നും മാർപാപ്പയുടെ ധാർമിക നേതൃത്വത്തെയും അപ്പസ്തോലിക് പിന്തുണയെയും അങ്ങേയറ്റം വിലമതിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.
യുദ്ധത്തിൽ കഷ്ടപ്പെടുന്ന യുക്രെയ്നിലെ ജനങ്ങൾക്കുവേണ്ടി, പ്രത്യേകിച്ച് പരിക്കേറ്റ എല്ലാവർക്കും പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഃഖിതരായവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കുംവേണ്ടി എന്റെ പ്രാർഥന നിങ്ങൾക്ക് ഉറപ്പുനൽകാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് കത്തിൽ മാർപാപ്പ പറഞ്ഞു. ദൈവം നിങ്ങളെ ആശ്വസിപ്പിക്കട്ടെയെന്നും പരിക്കേറ്റവരെ ശക്തിപ്പെടുത്തുകയും പരേതർക്കു നിത്യശാന്തി നൽകുകയും ചെയ്യട്ടെയെന്നും മാർപാപ്പ പറഞ്ഞു.
യുദ്ധത്താൽ മുറിവേറ്റ നിങ്ങളെ ഏറെ ഹൃദയവേദനയോടെയാണ് ഞാൻ അഭിസംബോധന ചെയ്യുന്നത് എന്നു പറഞ്ഞാണ് മാർപാപ്പയുടെ കത്ത് തുടങ്ങുന്നത്.