രാഹുലിന്റെ രാജിക്കായി വൻ സമ്മർദം
സ്വന്തം ലേഖകൻ
Monday, August 25, 2025 3:36 AM IST
തിരുവനന്തപുരം: സ്ത്രീപീഡന ആരോപണ വിവാദത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവുമായി കോണ്ഗ്രസിലെ മുതിർന്ന നേതാക്കളടക്കം ഒറ്റക്കെട്ടായി രംഗത്ത്. കോണ്ഗ്രസിലെയും യുഡിഎഫ് ഘടകകക്ഷികളിലെയും വനിതാ നേതാക്കളും രാഹുലിനെതിരേ ഇന്നലെ രംഗത്തെത്തി. എന്നാൽ, ദിവസങ്ങൾ പിന്നിട്ടിട്ടും രാജിക്കാര്യത്തിൽ തീരുമാനമെടുക്കാൻ കെപിസിസി നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
പ്രധാന നേതാക്കളുമായുള്ള കൂടിയാലോചന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ തുടരുകയാണെന്നാണ് ഇതുസംബന്ധിച്ച വിശദീകരണം. പ്രധാന നേതാക്കളുമായുള്ള കൂടിയാലോചന പൂർത്തിയായശേഷം ഇക്കാര്യത്തിൽ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നാണ് കോണ്ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതോടൊപ്പം ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശദീകരണവും കെപിസിസി നേതൃത്വം കേൾക്കും.
കുടുക്കാൻ ശ്രമം നടന്നതായുള്ള രാഹുലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൂടിയാണിത്. രാഹുലിന്റെ രാജിയിൽ ഉടനടി തീരുമാനമെടുക്കരുതെന്ന നിലപാട് രാഹുലുമായി അടുപ്പമുള്ള ഷാഫി പറന്പിൽ എംപി അടക്കമുള്ളവർ നിലപാട് സ്വീകരിച്ചതാണ് നടപടി വൈകാൻ കാരണമാകുന്നതത്രേ.
എന്നാൽ, രാഹുൽ രാജിവയ്ക്കണമെന്ന നേരത്തേയുള്ള നിലപാട് മയപ്പെടുത്താതെ കടുത്ത നടപടി സ്വീകരിക്കണമെന്ന അഭിപ്രായമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെയും സ്വീകരിച്ചത്. അതിനിടെ, മുതിർന്ന നേതാക്കളുടെ രാജി സമ്മർദം തുടരുന്പോഴും ആരോപണം ഉന്നയിച്ചവരിൽ ഒരാളുടെ നിലപാടിനെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ രംഗത്തു വന്നു. എന്നാൽ, കൂടുതൽ പരാതികളിൽ വിശദീകരണം നൽകിയതുമില്ല.
എല്ലാ നേതാക്കളുമായി ചർച്ച ചെയ്ത ശേഷം സംസ്ഥാന നേതൃത്വം വൈകാതെ അന്തിമതീരുമാനം കൈക്കൊള്ളുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പറഞ്ഞു. കെപിസിസി നേതൃത്വം തന്നെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നാണ് കെ.സി. വേണുഗോപാലിന്റെ വാക്കുകളിൽ വ്യക്തം.
തുടർച്ചയായി സ്ത്രീപീഡന ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ആദ്യമായി ഉയർത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. തുടർന്ന് സതീശന്റെ വാദത്തെ പിന്തുണച്ച് കോണ്ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തലയും മുൻ കെപിസിസി പ്രസിഡന്റുമാരായ കെ. മുരളീധരനും വി.എം. സുധീരനും രംഗത്തെത്തി. രാജിവച്ചില്ലെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കണമെന്ന് മുതിർന്ന നേതാവായ ജോസഫ് വാഴയ്ക്കൻ ആവശ്യപ്പെട്ടു.
ഷാനിമോൾ ഉസ്മാൻ അടക്കമുള്ള വനിതാ നേതാക്കളും രാഹുൽ രാജിവയ്ക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. യുഡിഎഫ് ഘടകകക്ഷിയായ ആർഎംപി നേതാവ് കെ.കെ. രമയും രാഹുലിന്റെ രാജി ആവശ്യപ്പെട്ടു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ചോദിച്ചു വാങ്ങണമെന്നു കെ.സി. വേണുഗോപാലിന്റെ ഭാര്യ ആശ ഫെയ്സ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
രാജിക്കായുള്ള സമ്മർദം മുറുകുന്പോഴും രാജി ആവശ്യത്തിൽ നേതൃത്വം ചർച്ചകൾ തുടരുകയാണ്. കെപിസിസി നേതൃത്വം ആവശ്യപ്പെടുന്നതിന് അനുസരിച്ചാകും രാഹുൽ തീരുമാനമെടുക്കുക.
അതേസമയം, രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചുള്ള രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ചെയ്തതിൽ നേതാക്കൾക്ക് അതൃപ്തിയുണ്ട്. സ്ത്രീ വിഷയത്തിൽ ആരോപണവിധേയരായവരാണ് കേരളത്തിലെ രാഹുൽ ഗാന്ധിയുടെ ടീം എന്ന തരത്തിൽ ബിജെപി ദേശീയതലത്തിൽ പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചുള്ള രാഹുലിന്റെ പോസ്റ്റ്.
സസ്പെൻഷന് ആലോചന
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവച്ചാൽ പാലക്കാട് വീണ്ടും കടുത്ത മത്സരത്തിലേക്കു പോകുമോ എന്ന ആശങ്കയിലാണ് കോണ്ഗ്രസ് നേതൃത്വം. അതിനാൽ രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കുന്നതിനെക്കുറിച്ചാണ് നേതാക്കൾ ഗൗരവമായി ആലോചിക്കുന്നത്. ആറു മാസത്തിനും ഒരു വർഷത്തിനുമിടയിലുള്ള സമയപരിധിയിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പു കമ്മീഷനു മേൽ സമ്മർദം ചെലുത്താൻ കേന്ദ്ര സർക്കാരിന് ആകുമെന്ന വിലയിരുത്തലുണ്ട്.
ഇത്തരം ആശങ്ക നിലനിൽക്കുന്ന സാഹചര്യവും രാഹുലിന്റെ രാജിക്കാര്യത്തിൽ തീരുമാനം നീളാൻ ഇടയാക്കുന്നതായാണ് വിവരം. പല സാധ്യതകൾ ഇതുമായി ബന്ധപ്പെട്ടു കോണ്ഗ്രസ് നേതൃത്വം ചർച്ച ചെയ്തിരുന്നു. പാർലമെന്ററി പാർട്ടിയിൽനിന്നു രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്യണമെന്ന നിർദേശമാണ് അതിലൊന്ന്. കോണ്ഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ പ്രതിപക്ഷ നേതാവാണ്. പാർട്ടിയുടെ അച്ചടക്ക നടപടിയും ഇതോടൊപ്പം ആലോചിക്കുന്നു.