ക്രൈസ്തവവിഭാഗത്തെ മൈക്രോ മൈനോറിറ്റിയായി പ്രഖ്യാപിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Monday, August 25, 2025 2:43 AM IST
കൊച്ചി: രാജ്യത്തെ മതന്യൂനപക്ഷങ്ങളില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളെ മൈക്രോ മൈനോറിറ്റിയായി ഭരണഘടന ഭേദഗതി ചെയ്തു പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രിക്കും കത്തോലിക്ക കോണ്‍ഗ്രസ് നിവേദനം സമര്‍പ്പിച്ചു. രാജ്യത്തെ ആറു വിജ്ഞാപിത മത ന്യൂനപക്ഷങ്ങളില്‍ ക്രിസ്ത്യന്‍, സിഖ്, ബുദ്ധര്‍, ജെയ്നര്, പാഴ്സി എന്നീ അഞ്ച് വിഭാഗങ്ങള്‍ക്കുംകൂടി രണ്ടര ശതമാനത്തില്‍ താഴെ മാത്രമേ ജനസംഖ്യയുള്ളൂ.
യഥാര്‍ഥത്തില്‍ ഇവര്‍ക്കാണു സര്‍ക്കാര്‍ സംരക്ഷണവും ക്ഷേമപദ്ധതികളും നല്‍കേണ്ടത്. ന്യൂനപക്ഷമെന്നാല്‍ ആറ് ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷമായ ഒരു വിഭാഗം മാത്രമായി ഇന്നു മാറി. ക്ഷേമപദ്ധതികള്‍ ഒന്നടങ്കം ഒരു വിഭാഗത്തിന് മാത്രമായി മാറി. ഇതു ഭരണഘടനാലംഘനമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രീയനേതൃത്വങ്ങള്‍ ഇതില്‍ കണ്ണടയ്ക്കുന്നത് പ്രതിഷേധാര്‍ഹമാണ്.
പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.