സംഗീതവും ഗെയിം നിർമാണവും ആനിമേഷനും പുതിയ ഐസിടി പാഠപുസ്തകങ്ങളിൽ
Monday, August 25, 2025 3:36 AM IST
തിരുവനന്തപുരം: രാജ്യത്താദ്യമായി നിർമിത ബുദ്ധിയും റോബോട്ടിക്സും ഫാക്ട് ചെക്കിംഗുമെല്ലാം ഐസിടി പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതിന്റെ തുടർച്ചയായി ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ് (എവിജിസി) സാങ്കതികവിദ്യകളും പഠിക്കാൻ മുഴുവൻ കുട്ടികൾക്കും അവസരമൊരുക്കി കേരളം.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പുറത്തിറക്കിയ എവിജിസി എക്സ്ആർ (എക്സ്റ്റന്റഡ് റിയാലിറ്റി) നയത്തിനനുസൃതമായി പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) തയാറാക്കിയ പുതുക്കിയ ഐസിടി പാഠപുസ്തകങ്ങളിലാണ് രാജ്യത്താദ്യമായി മുഴുവൻ കുട്ടികൾക്കുമായി എവിജിസി ഉള്ളടക്കം പഠിക്കാൻ അവസരം നൽകുന്നത്.
മൂന്നാം ക്ലാസിലെ ‘പാട്ടുപെട്ടി’ എന്ന അധ്യായത്തിൽ സംഗീത സ്വരങ്ങൾ കേട്ട് ട്രയൽ ആൻഡ് എറർ രീതിയിൽ അടിസ്ഥാന സ്വരങ്ങൾ തിരിച്ചറിയാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
നാലാം ക്ലാസിലാകട്ടെ ‘പിയാനോ വായിക്കാം’, ‘ഉത്സവമേളം’ എന്നീ അധ്യായങ്ങളിലൂടെ കുട്ടികൾക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്താം.
എഡ്യൂടെയിൻമെന്റ് രീതിയിൽ വിവിധ ഗെയിമുകൾ കളിക്കുന്ന ലാഘവത്തോടെയാണ് ’കളിപ്പെട്ടി’ എന്ന് പേരിട്ട പാഠപുസ്തകത്തിലൂടെ കുട്ടികൾ ഇവ പഠിക്കുന്നത്.
ഒമ്നിടെക്സ്, ജികോംപ്രിസ്, മ്യൂസ്കോർ, ഒഡാസിറ്റി എന്നീ സ്വതന്ത്ര സോഫ്റ്റ്വേറുകൾക്ക് പുറമെ കൈറ്റ് തയാറാക്കിയ ‘താളം’ സോഫ്റ്റ്വേറും ഇതിനായി ഉപയോഗിക്കുന്നു.
കേവലം സംഗീത പഠനം എന്നതിലുപരി ഡിജിറ്റൽ സംഗീതത്തിന്റെ സാധ്യതകൾ ഡിജിറ്റൽ ഓഡിയോ വർക്ക്സ്റ്റേഷനായ എൽഎംഎംഎസ് എന്ന സോഫ്റ്റ്വേറിലൂടെ പ്രയോഗിക്കാൻ സ്വന്തമായി ഒരു അനിമേഷൻ സിനിമയ്ക്ക് പശ്ചാത്തല സംഗീതം നൽകിക്കൊണ്ട് എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും അവസരം ലഭിക്കുന്നു.