രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ തിരിച്ചടി കിട്ടും: പി.വി. അൻവർ
Monday, August 25, 2025 3:30 AM IST
മഞ്ചേരി: എംഎൽഎസ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചില്ലെങ്കിൽ കോണ്‍ഗ്രസിനു വലിയ പ്രത്യാഘാതമുണ്ടാകുമെന്ന് തൃണമൂൽ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ നേതാവ് പി.വി. അൻവർ.
രാജിവയ്ക്കാൻ കോണ്‍ഗ്രസ് ആവശ്യപ്പെടണം. സിപിഎം ചെയ്തില്ലല്ലോ എന്നുള്ളതു നീതീകരിക്കാവുന്ന മറുപടിയല്ല. പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് വന്നാൽ യുഡിഎഫിനു വലിയ വിജയം ഉണ്ടാകും. വോട്ട് മോഷണം ചർച്ചയാകേണ്ട സമയത്താണ് അനാവശ്യ വിവാദം. രാഹുലിനെതിരേ രണ്ട് സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നെന്നും അൻവർ മഞ്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പിണറായി സർക്കാരിലെ എംഎൽഎമാർ ചെയ്ത തെറ്റുകളെ പിണറായിയും സംഘവും ന്യായീകരിച്ചത് ചൂണ്ടിക്കാണിച്ച് രാഹുൽ രാജിവയ്ക്കേണ്ടെന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചാൽ അത് കോണ്‍ഗ്രസിനു വലിയ പ്രത്യാഘാതമുണ്ടാക്കും. പുറത്തെത്തിയ ഫോണ്‍ സംഭാഷണങ്ങൾ തന്റേതല്ലെന്ന് പറയാൻ രാഹുലിന് സാധിച്ചിട്ടില്ലെന്നും അൻവർ പറഞ്ഞു.