തിരുവല്ല മാക്ഫാസ്റ്റിന് സ്വയംഭരണ പദവി
Sunday, August 24, 2025 12:51 AM IST
തിരുവല്ല: അക്കാദമിക മികവിന്റെ 25ാം വർഷം ആഘോഷിക്കുന്ന തിരുവല്ല മാക്ഫാസ്റ്റിന് സ്വയംഭരണ പദവി. സർവകലാശാല ഗ്രാന്റ്സ് കമ്മീഷനും (യുജിസി) മഹാത്മാഗാന്ധി സർവകലാശാലയുമാണ് തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിനു സ്വയംഭരണ പദവി അനുവദിച്ചത്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിക്കു കീഴിൽ ഓട്ടോണമസ് പദവി ലഭിക്കുന്ന ആദ്യ സ്വാശ്രയ കോളജ് എന്ന നേട്ടവും ഇതോടെ തിരുവല്ല മാക്ഫാസ്റ്റിന് സ്വന്തം. സ്വയംഭരണം ലഭിച്ചതോടെ കോളജിന് സ്വന്തമായി സിലബസ് രൂപപ്പെടുത്താനും കാലാനുസൃതമായി പരിഷ്കരിക്കാനും പരീക്ഷകൾ നടത്താനും അക്കാദമിക് നിലവാരം ഉയർത്താനുമുള്ള അധികാരവും അവസരവും ഉണ്ടാകും.
തിരുവല്ല അതിരൂപതയുടെ മേൽനോട്ടത്തിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ 2001ൽ സ്ഥാപിതമായ മാക്ഫാസ്റ്റ് നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ എ പ്ലസ് ഗ്രേഡ് കോളജാണ്. യുജിസി (2 എഫ്), എഐസിടിഇ അംഗീകാരം എന്നിവയ്ക്കു പുറമേ ഭാരതസർക്കാർ ഡിഎസ്ഐആർ വകുപ്പിന്റെ പ്രത്യേക അംഗീകാരവും കോളജിന് ലഭിച്ചിട്ടുണ്ട്.
2023- 2025 അധ്യയന വർഷത്തിൽ എംഎസ് സി പ്രോഗ്രാമുകളിൽ 27റാങ്കുകളും എംസിഎ പ്രോഗ്രാമുകളിൽ മൂന്ന് റാങ്കുകളും കോളജ് സ്വന്തമാക്കിയിരുന്നു. മാക്ഫാസ്റ്റ് പ്ലേസ്മെന്റ് സെൽ കോളജിന്റെ പ്രധാന ആകർഷണമാണ്.
വിദ്യാർഥികൾക്ക് സൗജന്യ സ്റ്റാർട്ടപ്പ് സൗകര്യമൊരുക്കുന്ന സ്റ്റാർട്ടപ്പ് കേന്ദ്ര ഫോർ യു യുവജന സ്വയംപര്യാപ്തതയ്ക്ക് അവസരമൊരുക്കുന്നു.
കേരളത്തിലെ ആദ്യ സോളാർ പവർഡ് കാമ്പസ്, ആദ്യ കാമ്പസ് കമ്യൂണിറ്റി റേഡിയോ കേന്ദ്രമായ റേഡിയോ മാക്ഫാസ്റ്റ് 90.4 എഫ്എം എന്നിങ്ങനെയുള്ള സവിശേഷനേട്ടങ്ങളും മാക്ഫാസ്റ്റിനുണ്ട്.
പരിസ്ഥിതി സംരക്ഷണം മുൻ നിർത്തിയുള്ള ക്ലീൻ ആൻഡ് ഗ്രീൻ പ്രോജക്ട്, ലഹരിക്കെതിരേയുള്ള കാന്പെയിൻ, ഹൃദയസ്പന്ദനം പദ്ധതി തുടങ്ങിയവയും കോളജിന്റെ സാമൂഹിക പ്രതിബദ്ധത ഉയർത്തിക്കാട്ടുന്ന പരിപാടികളാണ്.