ബിജെപി പ്രവർത്തനം സമൂഹത്തിന്റെ അടിത്തട്ടിലേക്കെത്തണം: അമിത് ഷാ
Saturday, August 23, 2025 1:11 AM IST
കൊച്ചി: കേരളത്തിൽ ബിജെപിയുടെ പ്രവർത്തനം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് എത്തണമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
വിജയത്തിന് കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനത്തിലൂടെ അടിത്തട്ടിൽ പ്രവർത്തിച്ചാലേ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനാകൂവെന്നും അമിത് ഷാ കൊച്ചിയിൽ നടന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ വ്യക്തമാക്കി.
സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ചു. 26 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കുന്ന മേഖലാ ശില്പശാലകളിൽ വികസന അജൻഡകൾ ചർച്ച ചെയ്യും. തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായുള്ള റോഡ് മാപ് യോഗത്തിൽ അവതരിപ്പിച്ചു.
സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, നേതാക്കളായ പ്രകാശ് ജാവദേക്കർ, അപരാജിത സാരംഗി, സി. സദാനന്ദൻ എംപി, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, സി.കെ. പദ്മനാഭൻ, പി.കെ. കൃഷ്ണദാസ്, കെ. സുരേന്ദ്രൻ, എ.പി. അബ്ദുള്ളക്കുട്ടി, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ് എന്നിവരും നേതൃയോഗത്തിൽ പ്രസംഗിച്ചു.
രാജ്യത്ത് എവിടെയും വോട്ട് ചെയ്യാം: എം.ടി. രമേശ്
തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്ന ആറു തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നും ആറു മാസം താമസിക്കുന്നതിന്റെ രേഖയും ഉണ്ടാകുകയും നിങ്ങളുടെ അയൽക്കാരൻ നിങ്ങളെ തിരിച്ചറിയുകയും ചെയ്താൽ നിങ്ങൾക്കു രാജ്യത്ത് എവിടെയും വോട്ട് ചെയ്യാമെന്ന്എം.ടി. രമേശ് പറഞ്ഞു. കാഷ്മീരിൽ വേണമെങ്കിലും വോട്ട് ചെയ്യാം.
തൃശൂരിൽ തൃശൂരുകാരുടെ വോട്ടാണു ചേർത്തത്. കള്ളവോട്ട് ചേർത്തതു സിപിഎമ്മും കോൺഗ്രസുമാണെന്നും അദ്ദേഹം പറഞ്ഞു.