വൻ വീഴ്ച!!! രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു
Friday, August 22, 2025 3:17 AM IST
അടൂർ: വിവാദ വെളിപ്പെടുത്തലുകൾക്കു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചു. ഇന്നലെ ഉച്ചയ്ക്ക് അടൂരിലെ വീട്ടിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് എംഎൽഎ രാജി പ്രഖ്യാപനം നടത്തിയത്.
ബുധനാഴ്ചയാണ്, യുവ രാഷ്ട്രീയനേതാവിൽനിന്ന് മോശം പരാമർശമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി റിനി ആൻ ജോർജ് രംഗത്തെത്തിയത്. ആളിന്റെ പേരു പറയാതെയായിരുന്നു റിനിയുടെ വെളിപ്പെടുത്തലുകൾ. ഇന്നലെ രാഹുൽ മാങ്കൂട്ടത്തിനെതിരേയുള്ള ശബ്ദസന്ദേശവും മറ്റു ചില ചാറ്റുകളും പുറത്തുവന്നു.
തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും നിലവിലെ വിവാദങ്ങളിൽ തന്റെ ഭാഗം ന്യായീകരിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയാണെന്നും രാഹുൽ വിശദീകരിച്ചു. നിയമത്തിന്റെ മുന്പിൽ എന്തെങ്കിലും കുറ്റം താൻ ചെയ്തതായി കരുതുന്നില്ല. നിയമത്തിന്റെ മുന്പിൽ നിരപരാധിത്വം തെളിയിക്കാൻ തനിക്കു കഴിയും. കോൺഗ്രസ് ഹൈക്കമാൻഡോ മറ്റു നേതാക്കളോ തന്നോടു രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.
പാർട്ടി പ്രവർത്തകർ എന്നെ ന്യായീകരിച്ച് സമയം കളയേണ്ടതില്ല. അവരുടെ സമയം വിലപ്പെട്ടതാണ്. നിയമവിരുദ്ധമായി താൻ യാതൊന്നും ചെയ്തിട്ടില്ല. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബാധ്യത സ്വയം ഏറ്റെടുക്കുകയാണ്. ആരും തനിക്കെതിരേ പരാതി നൽകിയിട്ടില്ല.
ആരോപണമുന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണ്. നടി തന്റെ പേര് എവിടെയും പറഞ്ഞിട്ടില്ല. പരാതി വന്നാൽ നിയമപരമായി നേരിടും. നടി പ്രതിപക്ഷനേതാവിനോടു പരാതി പറഞ്ഞോയെന്ന കാര്യം അറിയില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നോട് പരാതിയെക്കുറിച്ച് വി.ഡി. സതീശൻ ഒന്നും പറഞ്ഞിട്ടില്ല.
രാജ്യത്തെ നിയമസംവിധാനത്തിനും ഭരണഘടനയ്ക്കും വിരുദ്ധമായി ഒരുകാര്യവും ചെയ്തിട്ടില്ല. പരാതി ആര്ക്കും കൊടുക്കാം. പരാതി കെട്ടിച്ചമ യ്ക്കാനും കഴിയും. സംസ്ഥാന സർക്കാരിനെതിരേ ഗൗരവതരമായ ആക്ഷേപങ്ങൾ ഉയരുന്ന സമയത്താണ് ഇത്തരം ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. കത്ത് വിവാദം അടക്കമുള്ള ചർച്ചയിൽനിന്ന് വഴിതിരിച്ചുവിടാൻ ഇടതുപക്ഷവും ചില മാധ്യമങ്ങളും ഉപയോഗിക്കുകയാണ്.
ഗർഭച്ഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന പരാതി ആരെങ്കിലും നൽകിയാൽ അപ്പോൾ അതിനെ നേരിട്ടുകൊള്ളാം. പരാതിക്കാരിയുണ്ടെങ്കിൽ പുറത്തുവരട്ടെ. ആരെങ്കിലും തന്റെ പേരിൽ പരാതി നൽകിയാൽ വ്യക്തമായ മറുപടി നൽകും. ആരോപണമുന്നയിക്കുന്നവർക്ക് കോടതിയെ സമീപിക്കാം. രാജ്യത്തെ നിയമസംവിധാനങ്ങളിൽ വിശ്വാസമുള്ളയാളാണ് താനെന്നും രാഹുൽ പറഞ്ഞു.
ഹണി ഭാസ്കറുടെ ആരോപണം അവര് തെളിയിക്കട്ടെ. നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പരാതി നൽകണം. രണ്ടുപേർ സംസാരിക്കുന്നതു നിയമപരമായി കുറ്റമാണെങ്കിൽ ഹണി ഭാസ്കറും കുറ്റക്കാരിയാകും. കൂടുതൽ തെളിവുകളുണ്ടെങ്കിൽ പുറത്തുവിടണം. അവർ ചാറ്റിന്റെ ബാക്കി ഭാഗങ്ങളും പുറത്തുവിടട്ടെ. കുറ്റക്കാരനെന്നു തെളിഞ്ഞാൽ നടപടി നേരിടാൻ തയാറാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
തനിക്കെതിരേയുള്ള ആരോപണങ്ങൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ നാൾമുതൽ തുടങ്ങിയതാണ്. വ്യാജ ഐഡന്റിറ്റി കാർഡുപയോഗിച്ച് പ്രസിഡന്റായെന്നായിരുന്നു ആരോപണം. ഇതിൽ ഒരു എഫ്ഐആർ പോലും ഇതേവരെ ഇടാനായില്ല. പാലക്കാട് തെരഞ്ഞെടുപ്പു സമയത്ത് ട്രോളിബാഗ് വിവാദമുണ്ടാക്കി. ഇത്തരത്തിലുള്ള ആരോപണങ്ങളിൽ തളരാനില്ലെന്നും രാഹുൽ പറഞ്ഞു.