ഓണച്ചെലവുകൾ നേരിടാനായി 6,000 കോടികൂടി കടമെടുക്കുന്നു
Friday, August 22, 2025 2:16 AM IST
തിരുവനന്തപുരം: ഓണത്തിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ ഓണച്ചെലവുകൾ നേരിടാൻ സംസ്ഥാന സർക്കാർ 6,000 കോടി രൂപ കൂടി കടമെടുക്കുന്നു.
ജീവനക്കാരുടെ ശന്പളം, ബോണസ്, ഉത്സവബത്ത, പെൻഷൻകാർക്കുള്ള ഉത്സവ ബത്ത, ക്ഷേമപെൻഷൻകാർക്ക് പെൻഷൻ എന്നിവ കൊടുക്കുന്നതിനായാണ് അടുത്ത രണ്ടാഴ്ചകളിലായി കടമെടുക്കുന്നത്.
ഈ മാസം 26നും സെപ്റ്റംബർ രണ്ടിനുമായാണ് കടമെടുപ്പ്. ഓണച്ചെലവുകൾ അധികരിക്കുന്ന സാഹചര്യത്തിൽ ട്രഷറി നിയന്ത്രണവും ഏർപ്പെടുത്തി. ട്രഷറിയിൽനിന്നു മാറാവുന്ന തുക 25 ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി ചുരുക്കി. എന്നാൽ, അവശ്യവിഭാഗങ്ങളെ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. മരുന്ന്, പെൻഷൻ, ചികിത്സ തുടങ്ങിയ ഇനങ്ങളെ ട്രഷറി നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കി.
സംസ്ഥാനത്തിന് അടുത്ത ഡിസംബർ വരെ 30,000 കോടി രൂപയാണ് കടമെടുക്കാൻ കേന്ദ്ര അനുമതി ലഭിച്ചിട്ടുള്ളത്. ഇപ്പോൾ കടമെടുപ്പ് 18,000 കോടിയിലെത്തി.