ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം ; വൻ വീഴ്ചയെന്നു വിദഗ്ധസമിതി
Thursday, August 21, 2025 2:02 AM IST
കണ്ണൂര്‍: ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരുടേതു വൻ വീഴ്ചയെന്നും അതീവ സുരക്ഷാഭീഷണിയാണ് ഇവിടെയുള്ളതെന്നും സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ കണ്ടെത്തൽ.
സെല്ലുകൾക്ക് കാലപ്പഴക്കമുണ്ടെന്നും മതിലുകൾ തകർച്ചാവസ്ഥയിലാണെന്നും റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായര്‍, മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരടങ്ങിയ സമിതി രണ്ടു ദിവസമായി സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
പ്രഥമദൃഷ്ട്യാതന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച വ്യക്തമാണെന്ന് ജസ്റ്റീസ് സി.എൻ. രാമചന്ദ്രന് നായര്‍ മാധ്യമങ്ങളോടു പറഞ്ഞു. ആര്‍ക്കെതിരേയും വ്യക്തിപരമായ നടപടി ശിപാര്‍ശ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തടവുകാർക്കു മൊബൈൽ ഫോണുകൾ എത്തുന്നതു തടയാൻ ഉദ്യോഗസ്ഥർ കർശന നടപടികൾ സ്വീകരിക്കണമെന്ന് റിട്ട. ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു.
ജയിലിൽ ആധുനിക പരിശോധനാ സംവിധാനങ്ങളൊരുക്കാൻ സർക്കാരിനോടു ശിപാർശ ചെയ്യും. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ച മാത്രമല്ല, സിസ്റ്റത്തിന്റെകൂടി വീഴ്ചയാണെന്നും ജേക്കബ് പുന്നൂസ് പറഞ്ഞു.
ഗോവിന്ദച്ചാമിയെ താമസിപ്പിച്ചിരുന്ന അതീവ സുരക്ഷയുള്ള പത്താം ബ്ലോക്ക് ഉൾപ്പെടെ ജയിലിലെ മുഴുവൻ സ്ഥലവും സംഘം പരിശോധിച്ചു. ദിവസങ്ങളോളം നീണ്ട തയാറെടുപ്പിലൂടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയതെന്നാണു വിലയിരുത്തൽ.
സെല്ലിന്റെ നാലു കന്പികളുടെ രണ്ടു ഭാഗങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം കണ്ടെത്താനായില്ലെന്നതു ജയിലധികൃതരുടെ വീഴ്ചയാണ്. കന്പികൾ മുറിക്കാൻ ഉപയോഗിച്ചതെന്നു കാണിച്ച് പോലീസ് കണ്ടെടുത്ത ആയുധം ഉപയോഗിച്ചു മാത്രം കന്പികൾ മുറിക്കാൻ കഴിയില്ല.
സാധാരണ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് ഇത്രയും ബലമുള്ള കന്പികൾ മുറിക്കാനാവില്ലെന്നും കൂടുതൽ മൂർച്ചയുള്ള എന്തോ ആയുധം ഉപയോഗിച്ചിട്ടുണ്ടെന്നുമാണു സമിതിയുടെ നിഗമനം.