ഹൈക്കോടതി നടപടികൾ തടസപ്പെടുത്തി മരപ്പട്ടി
Wednesday, August 20, 2025 2:22 AM IST
കൊച്ചി: ഹൈക്കോടതി നടപടികള്‍ തടസപ്പെടുത്തി മരപ്പട്ടി. ഇതോടെ ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജികള്‍ കേള്‍ക്കുന്നത് കുറച്ചുസമയത്തേക്ക് നിര്‍ത്തിവച്ചു.
കോടതിമുറിക്കുള്ളിലെ സീലിംഗ് വഴി ഉള്ളിലെത്തിയ മരപ്പട്ടി കോടതിഹാളില്‍ മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് രൂക്ഷമായ ദുര്‍ഗന്ധം പരന്നു. അഭിഭാഷകര്‍ ഇരിക്കുന്ന സ്ഥലത്തായിരുന്നു ഇത്.
ഇതോടെ രാവിലെ അടിയന്തരമായി കേള്‍ക്കേണ്ട കേസുകള്‍ പരിഗണിച്ചശേഷം ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഇന്നലത്തെ സിറ്റിംഗ് അവസാനിപ്പിക്കുകയായിരുന്നു. ബാക്കി കേസുകള്‍ മറ്റു ദിവസങ്ങളിലേക്കു മാറ്റി.
കോടതിമുറിയില്‍ അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതിനാലാണ് ഇന്നലത്തെ സിറ്റിംഗ് നിര്‍ത്തിവച്ചത്. പിന്നീട് വനംവകുപ്പ് ജീവനക്കാരെത്തിയാണു മരപ്പട്ടിയെ പിടികൂടിയത്.