വോട്ട് അട്ടിമറി: യൂത്ത് കോണ്ഗ്രസ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: രാജ്യത്ത് വോട്ടുകൊള്ള നടക്കുന്നുവെന്നാരോപിച്ച് യൂത്ത് കോണ്ഗ്രസ് ചീഫ് ഇലക്ടറൽ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവർത്തകർക്കു നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ച് യുദ്ധസ്മാരകത്തിനു മുന്നിൽ പോലീസ് തടഞ്ഞു.
കൂറ്റൻ ബാരിക്കേഡും വൻ സന്നാഹവുമായാണ് സമരത്തെ നേരിടാൻ പോലീസ് നിലയുറപ്പിച്ചത്. ഇലക്ഷൻ കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിന്മാറിയില്ല. പ്രതിഷേധം തുടരുന്നതിനിടയിൽ പ്രവർത്തകരിൽ ചിലർ ബാരിക്കേഡിനു മുകളിൽ കയറി. ഇതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് സ്ഥലത്തുനിന്നു മാറിയ പ്രവർത്തകർ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധം തുടർന്നു.
നാലു തവണ ജലപീരങ്കി പ്രയോഗിച്ച ശേഷമാണ് പ്രവർത്തകർ അവിടെ നിന്നും മാറിയത്. പ്രകടനമായി മ്യൂസിയം ഭാഗത്തേക്ക് പോയ പ്രവർത്തകർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിനു സമീപത്തുള്ള റോഡിലൂടെ വീണ്ടും പ്രതിഷേധവുമായെത്തിയത് പോലീസിനു തലവേദനയായി.
പ്രവർത്തകരെ തടയാൻ പൊരിവെയിലത്ത് പോലീസ് നെട്ടോട്ടമോടി. ഇതിനിടയിലാണ് പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. പ്രകോപിതരായ പ്രവർത്തകരെ നേതാക്കൾ ഇടപെട്ടാണ് ശാന്തരാക്കിയത്. തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു.