സിപിഎം നേതാക്കള്‍ ഒളിച്ചു കളിക്കുന്നു: വി.ഡി. സതീശൻ
Wednesday, August 20, 2025 2:23 AM IST
കൊച്ചി: ഈ സര്‍ക്കാരിന്റെ കാലത്തു സിപിഎമ്മിലുണ്ടായ അവതാരങ്ങളിൽ എറ്റവും അവസാനത്തേതാണ് രാജേഷ് കൃഷ്ണയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
വിവാദ കത്തില്‍ സിപിഎം നേതാക്കള്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുന്നു. മറുപടി പറയാത്തതാണു കത്തിന്റെ വിശ്വാസ്യത കൂട്ടുന്നതെന്നും പ്രതിപക്ഷനേതാവ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജേഷ് കൃഷ്ണയെ അറിയില്ലെന്നു സിപിഎമ്മിലെ ആരോപണവിധേയരായ ആരും പറഞ്ഞിട്ടില്ല. എല്ലാവര്ക്കും അറിയാം. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍നിന്നു പുറത്താക്കിയെന്ന ആരോപണം രാജേഷ് കൃഷ്ണ തന്നെ സമ്മതിച്ചിട്ടുണ്ട്. അയാള്‍ എങ്ങനെയാണു പ്രതിനിധിയായത്? എന്തുകൊണ്ടാണ് അയാളെ പുറത്താക്കിയത്?
മുഖ്യമന്ത്രി ലണ്ടനില്‍ പോയപ്പോഴും രാജേഷ് കൃഷ്ണ ഒപ്പമുണ്ടായിരുന്നു. അവിടെ അയാളുടെ പ്രസക്തി എന്തായിരുന്നു? പ്രവാസി ചിട്ടിഫണ്ടുമായി ബന്ധപ്പെട്ടും ഇയാളുടെ പ്രസക്തി എന്താണ്? ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് സിപിഎം നേതാക്കളുടെ അക്കൗണ്ടിലേക്ക് അയാള്‍ പണം അയച്ചത് എന്തിനാണ്? പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ഒരു അവതാരമാണ്.
ആരെ രക്ഷിക്കാനാണു കത്ത് പുറത്തുവിട്ടതെന്നത് അന്വേഷിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.