സ്കൂൾ സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാക്കണം: സ്പീക്കർ
Wednesday, August 20, 2025 2:22 AM IST
തലശേരി: സ്കൂൾ സമയം അറബ് നാടുകളിലേതുപോലെ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നു വരെ എന്ന രീതിയിൽ പുനഃക്രമീകരിക്കണമെന്നു സ്പീക്കർ എ.എൻ. ഷംസീർ. ഇതോടൊപ്പം മതപഠനം എന്നത് സ്കൂൾ സമയത്തിന് ശേഷമാക്കുന്ന രീതിയിൽ മതപണ്ഡിതർ പുനർവിചിന്തനം നടത്തണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.
കതിരൂർ പുല്യോട് ഗവ. എല്‍പി സ്കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ സമയത്തിനു മുന്‍പ് മാത്രമേ മതപഠനം പറ്റൂ എന്ന വാശി ബന്ധപ്പെട്ടവർ ഒഴിവാക്കണം. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് നമ്മളും മാറണം. പത്ത് മുതല്‍ നാല് വരെയെന്നുള്ള സ്കൂൾ സമയത്തിന്റെ മാറ്റം സംബന്ധിച്ച് സജീവചര്‍ച്ച നടക്കണം.
ഇസ്ലാമിക രാജ്യങ്ങളില്‍ പോലും രാവിലെ എട്ടിനും ഏഴരയ്ക്കും സ്കൂള്‍ ആരംഭിക്കുമ്പോള്‍ ഇവിടെ മാത്രം പത്ത് എന്ന കാര്യത്തിൽ വാശിപിടിക്കേണ്ട കാര്യമെന്താണെന്നും സ്പീക്കർ ചോദിച്ചു.