എക്സൈസ് വാഹനലേലം നാളെ അവസാനിക്കും
Wednesday, August 20, 2025 2:22 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: സംസ്ഥാനത്ത് നടക്കുന്ന എക്സൈസ് വാഹന ലേലത്തിനു സമ്മിശ്ര പ്രതികരണം. വിവിധ കേസുകളില്‍ പിടിച്ചെടുത്ത്, എക്സൈസ് ഓഫീസുകളില്‍ സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങളാണ് പൊതു ലേലത്തിലുടെ വിറ്റഴിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ്, കോട്ടയം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, തൃശൂര്‍ ജില്ലകളിലെ ലേലം പൂര്‍ത്തിയായി. ഇന്നു പാലക്കാടും നാളെ ആലപ്പുഴ, കോഴിക്കോടുമാണ് അവസാന ലേലം.
11 ജില്ലകളില്‍ ലേലം പൂര്‍ത്തിയായപ്പോള്‍ നൂറില്‍പരം വാഹനങ്ങള്‍ വിറ്റുപോയി. സംസ്ഥാനത്ത് ആകെ 1,284 വാഹനങ്ങളാണ് ലേലം ചെയ്യാനുണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ വാഹനങ്ങള്‍ ലേലത്തില്‍ പോയത്.
കണ്ടുകെട്ടിയ 87 വാഹനങ്ങളില്‍ 53 എണ്ണം വിറ്റഴിഞ്ഞു. ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ലേലത്തില്‍ വച്ചിരുന്നതു കണ്ണൂരിലാണ്- 201. ഇതില്‍ 17 എണ്ണം ലേലത്തില്‍ പോയി. മറ്റു ജില്ലകളിലും വിറ്റ വാഹനങ്ങളുടെ എണ്ണം കുറവാണ്. ആലപ്പുഴ-100, കോഴിക്കോട്- 157, പാലക്കാട്- 117 വാഹനങ്ങളുണ്ട്.
മുമ്പ് പഴയ വാഹനങ്ങള്‍ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള മെറ്റല്‍ സ്ക്രാപ് ട്രേഡ് കോര്പറേഷന് (എംഎസ്ടിസി) വഴി ഇ-ലേലം നടത്തിയിരുന്നു. ഇത്തരത്തില്‍ വില്പന നടക്കാത്ത സാഹചര്യമുണ്ടായതോടെയാണ് പൊതുലേലം ആരംഭിച്ചത്.
അബ്കാരി കേസും നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സസ് (എന്‍ഡിപിഎസ്) കേസുകളും പ്രകാരം പിടിച്ചെടുത്തവയാണ് ഒഴിവാക്കാനുള്ളത്. ഇതില്‍ എംഎസ്ടിസി വഴി രണ്ടുതവണ ലേലം നടത്തിയിട്ടും പോകാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തില്‍ പൊതുലേലത്തില്‍ വച്ചത്.
പൊതു ലേലത്തില്‍ വിറ്റുപോകാത്ത വാഹനങ്ങള്‍ക്കായി അതാത് ജില്ലകളില്‍ നിശ്ചിത ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ലേലം നടത്തും.