അമീബിക് മസ്തിഷ്ക ജ്വരം ; മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗലക്ഷണം
Wednesday, August 20, 2025 2:22 AM IST
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതുവയസുള്ള പെണ്‍കുട്ടിയുടെ സഹോദരനും രോഗലക്ഷണം. പനിയും ഛര്‍ദിയുമായി ഇളയ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനയില്‍ ഫലം നെഗറ്റീവാണ്. സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. താമരശേരി ആനപ്പാറപൊയില്‍ സനൂപിന്റെ മകള്‍ അനയയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
അനയയും സഹോദരങ്ങളും മൂന്നാഴ്ച മുമ്പ് വീടിനു സമീപത്തെ കുളത്തില്‍ നീന്തല്‍ പഠിച്ചിരുന്നു. ഈ കുളത്തില്‍നിന്ന് രോഗപ്പകര്ച്ചയുണ്ടൊയെന്നാണ് കരുതുന്നത്. അനയ മരണപ്പെട്ട സാഹചര്യത്തില്‍ പ്രദേശത്ത് അതീവ ജാഗ്രത തുടരുകയാണ്.
കുട്ടി കുളിച്ച കുളത്തിലെയും സമീപ പ്രദേശങ്ങളിലെ ജലാശയങ്ങളിലെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പ്രദേശത്ത് സ്കൂളുകളിലും മറ്റും ബോധവത്കരണവും നടത്തി. പ്രദേശത്തെ കുളങ്ങളില്‍ ക്ലോറിനേഷന് നടത്തിയിട്ടുണ്ട്. അനയ പഠിച്ച സ്കൂളില്‍ ബോധവത്കരണം സംഘടിപ്പിച്ചു.
രോഗം ബാധിച്ച ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്. കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണുള്ളത്. രോഗബാധിതനായി തീവ്രപരിചണ വിഭാഗത്തില്‍ കഴിയുന്ന 49 വയസുകാരന്റെ നിലയില്‍ മാറ്റമില്ല.
ഏത് തരം രോഗാ ണുവാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമീബിക് മസ്തിഷ്ക ജ്വരം രോഗലക്ഷണങ്ങളോടെ നിരവധി പേര് ആശുപത്രിയില്‍ ചികിത്സ തേടുന്നുണ്ടെന്ന് മെഡി.കോളജ് ഡോക്ടര്‍മാര്‍ പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.