കായികാധ്യാപകരുടെ നിസഹകരണം: സ്കൂൾ കായികമേള പ്രതിസന്ധിയിലാകും
Wednesday, August 20, 2025 2:22 AM IST
നിശാന്ത് ഘോഷ്
കണ്ണൂര്‍: കായികാധ്യാപകരുടെ നിസഹകരണ സമരം ഒത്തു തീർപ്പാക്കിയില്ലെങ്കിൽ സ്കൂൾ കായികമേളകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും. യുപി വിഭാഗത്തില്‍ 500 കുട്ടികള്‍ക്ക് ഒരു കായികാധ്യാപകന് എന്നത് മാറ്റി 300 കുട്ടികള്‍ക്ക് ഒരു അധ്യാപകന് എന്ന മാനദണ്ഡം വേണമെന്നാണ് കായികാധ്യാപകരുടെ പ്രധാന ആവശ്യം.
അതേസമയം, 499 കുട്ടികളാണ് സ്കൂളിലുള്ളതെങ്കില് കായികാധ്യാപകന്റെ ജോലി നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. ഇതു സംബന്ധിച്ച് സർക്കാരുമായി അധ്യാപക സംഘടനകൾ ഒരു മാസം മുന്‍പ് ചർച്ച നടത്തിയപ്പോൾ പ്രശ്നം പരിഹിരിക്കുമെന്ന് ഉറപ്പു നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണു നിസഹകരണ സമരം ശക്തമാക്കാൻ കായികാധ്യാപകരുടെ സംഘടകളുടെ തീരുമാനം.
നിസഹകരണത്തെത്തുടർന്ന് ദേശീയതലത്തിൽ നടത്തുന്ന സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മാറ്റ് കുറഞ്ഞിരുന്നു. ഡിഡിഇമാർ പ്രത്യേക ഉത്തരവിറക്കിയായിരുന്നു ഒടുവിൽ സുബ്രതോ കപ്പ് ടൂർണമെന്റ് ഒരു വിധം നടത്തിയത്.
നിലവിൽ ജൂണിയർ ബോയ്സ് വിഭാഗത്തില്‍ സബ് ജില്ല, ജില്ലാതല മത്സരങ്ങളില്ലാതെയാണു സംസ്ഥാനതല മത്സരങ്ങള്‍ അടുത്ത മാസം സംഘടിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിഭാഗത്തില്‍ സബ് ജില്ല തലത്തിൽ നടത്താതെ ജില്ലാതലം മുതലാണു മത്സരം നടന്നത്. സെപ്റ്റംബർ അവസാനമാണ് സബ് ജില്ലാ കായികമേളകള്‍ ആരംഭിക്കേണ്ടത്.
ഒക്ടോബറില്‍ ജില്ലയും അവസാനം സംസ്ഥാന മേളയും നടത്തുക എന്നതാണ് പതിവ് രീതി. കായികാധ്യാപകർ ശക്തമായ നിസഹകരണവുമായി രംഗത്തെത്തിയാൽ ഇവയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.
സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് സംയുക്തകായികാധ്യാപക സംഘടനാ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. ഉദയകുമാർ പറഞ്ഞു.
കായിക മേള നടത്തിപ്പിനോടനുബന്ധിച്ച് കായികാധ്യാപകര്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുന്നതായും ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മേള നടത്തിപ്പിന്റെ ചെലവ് കിട്ടിയെങ്കിലും അതിന് മുമ്പത്തെ രണ്ട് വര്‍ഷത്തെ തുക കുടിശികയാണ്.
തിരുവനന്തപുരത്ത് 20,85,000, കണ്ണൂര്‍ 11,56,000, മലപ്പുറം 10,74,000, കൊല്ലം 1,30,000, പത്തനംതിട്ട 1,25,000, എറണാകുളം 3,00,000, തൃശൂർ 5,15,000, പാലക്കാട് 8,90,000, കാസര്‍ഗോഡ് 3,30,000 എന്നിങ്ങനെയാണ് കുടിശിക തുക.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് കായിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണമെന്ന് സർക്കാർ തന്നെ നിഷ്കർഷിക്കുന്പോഴും കായിക മേഖലയോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്നും കായികാധ്യാപകർ ആരോപിക്കുന്നു.