വേടന്റെ അറസ്റ്റ് കോടതി തടഞ്ഞു
Wednesday, August 20, 2025 2:22 AM IST
കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്ന ഹിരണ്‍ ദാസ് മുരളി നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും.
കേസ് വീണ്ടും പരിഗണിക്കുന്നതു വരെ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ബന്ധം പിരിഞ്ഞുവെന്ന കാരണത്താല്‍ നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്നു വാദത്തിനിടെ കോടതി ചോദിച്ചു.
വേടന് സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകള്‍ക്കൂടി പരാതി നല്കിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എന്നാല്‍ ഈ കേസിന്റെ കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് പറഞ്ഞു.
ഓരോ പരാതിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയത്. തനിക്കു വേടന് ഫാന്സില്നിന്നു വധഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.
പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാര്‍ത്തകളും ഹാജരാക്കിയാണു വാദിക്കുന്നതെന്നും ഇത് ആധികാരികരേഖയായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകള്‍ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.