തട്ടേക്കാട് പക്ഷിസങ്കേതത്തിൽ ഒന്പത് പുതിയ ജീവികളെ കണ്ടെത്തി
Wednesday, August 20, 2025 2:22 AM IST
കോതമംഗലം: കേരളത്തിന്റെ ആദ്യ പക്ഷിസങ്കേതമായ തട്ടേക്കാട് വീണ്ടും ജൈവവൈവിധ്യത്തിന്റെ വിസ്മയം തുറന്നു. മൂന്ന് ദിവസം നീണ്ട വാർഷിക ജന്തുജാല സർവെയിൽ ഒൻപത് പുതിയ ജീവിവർഗങ്ങളെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റി (ടിഎൻഎച്ച്എസ്), തട്ടേക്കാട് പക്ഷിസങ്കേതം, സംസ്ഥാന വനം-വന്യജീവി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സർവെ നടന്നത്.
113 ചിത്രശലഭങ്ങൾ
സർവെയിൽ കണ്ടെത്തിയ 113 ചിത്രശലഭങ്ങളിൽ എക്സ്ട്രാ ലാസ്കാർ (പുലിവരയൻ), യെല്ലോ ജാക്ക് സെയിലർ (മഞ്ഞപൊന്തച്ചുറ്റൻ), യെല്ലോ-ബ്രെസ്റ്റഡ് ഫ്ലാറ്റ് (വെള്ളപ്പരപ്പൻ), വൈറ്റ്-ബാർ ബുഷ്ബ്രൗണ് (ചോല പൊന്തതവിടൻ) എന്നീ നാലു വർഗങ്ങളെ തട്ടേക്കാടിൽ ആദ്യമായി രേഖപ്പെടുത്തി. അതോടൊപ്പം, സംസ്ഥാന ശലഭമായ ബുദ്ധ മയൂരി, മലബാർ റോസ്, മലബാർ റാവൻ (പുള്ളിക്കറുപ്പൻ), ബ്ലൂ ഓക്ക്ലീഫ് (ഓക്കില ശലഭം), തെക്കൻ ഗരുഡ ശലഭം, കനാറ ശരശലഭം തുടങ്ങി നിരവധി അപൂർവശലഭങ്ങളെയും ധാരാളമായി കണ്ടെത്തി.
തുന്പി എണ്ണത്തിൽ വർധന
പുതുതായി രേഖപ്പെടുത്തിയ അഞ്ചു തുന്പിവർഗങ്ങൾകൂടി ചേർന്ന് സങ്കേതത്തിലെ തുന്പികളുടെ എണ്ണം 88 ആയി ഉയർന്നു. വയനാടൻ കടുവ (മാക്രോഗോംഫസ് വയനാടികസ്), പുള്ളി നീർപാറാൻ (എപ്പോഫ്താൽമിയ ഫ്രണ്ടാലിസ്), തെക്കൻ കോമരം (ഇഡിയോണിക്സ് ട്രവാങ്കോറെൻസിസ്), കാട്ടുപൂത്താലി (സ്യൂഡാഗ്രിയോണ് മലബാരികം), മലബാർ മുളവാലൻ (മെലനോന്യൂറ ബൈലൈനേറ്റ) എന്നിവയെയാണ് പുതുതായി കണ്ടെത്തിയത്. ഇതിനുപുറമെ ഓണത്തുന്പി, തുലാത്തുന്പി, യൂഫിയ ഫ്രേസേരി, കാക്കോന്യൂറ റിസി തുടങ്ങിയവയും അടുത്തിടെ കേരളത്തിൽ കണ്ടെത്തിയ കാട്ടുവർണത്തുന്പിയായ ലിറിയോത്തെമിസ്അബ്രഹാമിയും നിരീക്ഷിക്കപ്പെട്ടു.
പക്ഷികൾ 104
സർവെയിൽ ആകെ 104 പക്ഷിവർഗങ്ങളെ കണ്ടെത്തി. ഇതിൽ ചെറിയ മീൻപരുന്ത് (ലെസ്സർ ഫിഷ് ഈഗിൾ), യൂറേഷ്യൻ സ്പാരോ ഹോക്, മലന്പുള്ള് (ക്രെസ്റ്റഡ് ഗോഷാക്ക്), കാട്ടുമൂങ്ങ പോലുള്ള പരുന്തുവർഗങ്ങളും ഉൾപ്പെടുന്നു.
പൊടിപൊന്മാൻ, തീക്കാക്ക, നീലത്തത്ത പോലുള്ള വനപക്ഷികളും സമൃദ്ധമായി രേഖപ്പെടുത്തി. ആനക്കൂട്ടം, കാട്ടുപോത്ത്, രാജവെന്പാല, എട്ട് ഇനം മത്സ്യങ്ങൾ, 30 ഇനം ഉറുന്പുകൾ,രണ്ട് ശുദ്ധജല ഞണ്ടുകൾ, അഞ്ച് ഉഭയജീവികൾ, 22 ഇനം നിശാശലഭങ്ങൾ എന്നിവയും കാണപ്പെട്ടു.
ഡാറ്റ ശേഖരണത്തിന് തട്ടേക്കാട് പക്ഷിസങ്കേത അസിസ്റ്റന്റ് വന്യജീവി വാർഡൻ സി.ടി. ഒൗസേപ്, ടോംസ് അഗസ്റ്റിൻ, വിനയൻ പി. നായർ, വി.എം. അനില, കെ. പ്രദീപ്, പി.എ. നിഷ എന്നിവർ നേതൃത്വം നൽകി.