ഐ ഫോണ്‍ തുറക്കാൻ സംവിധാനമില്ലാതെ ഫോറൻസിക് ലബോറട്ടറി
Wednesday, August 20, 2025 1:54 AM IST
തിരുവനന്തപുരം: ഐ ഫോണ്‍ പാസ്വേഡ് അഴിക്കാനുള്ള സംവിധാനം സംസ്ഥാന ഫോറൻസിക് ലബോറട്ടറിയിൽ ഇല്ലാത്തതിനെ തുടർന്ന് കൊല്ലത്തെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സ്തംഭനത്തിലേക്ക്. സഹപ്രർത്തകരുടെ മാനസിക പീഡനത്തെ തുടർന്നാണ് അനീഷ്യ ആത്മഹത്യ ചെയ്തതെന്ന പരാതിയിലെ അന്വേഷണമാണ് മുടന്തുന്നത്.
ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബാഞ്ചും അന്വേഷിച്ച കേസിൽ നിർണായക തെളിവായ ഐഫോണ്‍ തുറക്കാൻ സംസ്ഥാന ഫോറൻസിക് ലബോറട്ടറിക്ക് സംവിധാനമില്ലാത്തതിനെ തുടർന്ന് ഫോണ്‍ ഗുജറാത്തിലെ നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തരവിറക്കി. ഫോണ്‍ ഗുജറാത്തിലേക്ക് അയയ്ക്കുന്നതിന് 19,004 രൂപയും അനുവദിച്ചു.
ഏതാണ്ട് ഒന്നര വർഷം മുൻപ് 2024 ജനുവരി 21-നാണ് പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ കാലതാമസമുണ്ടാകുന്നുവെന്ന് ആരോപിച്ചു അനീഷ്യയുടെ അമ്മ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.