തദ്ദേശ തെരഞ്ഞെടുപ്പ്: പുതിയ വോട്ടർമാരുടെ എണ്ണം 12 ലക്ഷം കടന്നു
Wednesday, August 20, 2025 2:22 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: നവംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്ന നടപടി പുരോഗമിക്കവേ, സംസ്ഥാനത്ത് ഇതുവരെ പുതിയ വോട്ടർമാരുടെ എണ്ണം 12 ലക്ഷം കടന്നു. വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷിച്ച 29.81 ലക്ഷം പേരിൽ 12 ലക്ഷത്തോളം പേർ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടാൻ അർഹത നേടി.
വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ നൽകിയവരിൽ 17.84 ലക്ഷം പേരുടെ ഹിയറിംഗ് വരുംദിവസങ്ങളിൽ തുടരും. ഇതോടെ 20 മുതൽ 25 ലക്ഷം വരെ പുതിയ വോട്ടർമാരുണ്ടാകാമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ കണക്കാക്കുന്നത്.
ഇന്നലെ ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരിൽ 12,242 പേരുടെ അപേക്ഷ മാത്രമാണ് നിരസിച്ചത്. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ കരട് പട്ടിക അനുസരിച്ച് 2.66 കോടി വോട്ടർമാരാണുള്ളത്.
നിലവിൽ 12 ലക്ഷത്തോളം അപേക്ഷകൾകൂടി അംഗീകരിച്ചതോടെ വോട്ടർമാരുടെ എണ്ണം 2.78 കോടിയായി ഉയരും. 20 ലക്ഷം പുതിയ വോട്ടർമാർ അന്തിമപട്ടികയിൽ അധികമായി എത്തിയാൽ വോട്ടർമാരുടെ എണ്ണം 2.86 കോടിയായി ഉയരും. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 2.77 കോടി വോട്ടർമാരാണുണ്ടായിരുന്നത്. തദ്ദേശസ്ഥാപന അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമ്പോൾ ഇതിനേക്കാൾ വൻതോതിൽ വോട്ടർമാരുടെ എണ്ണം ഉയരും.
എന്നാൽ, പോളിംഗ് സ്റ്റേഷൻ മാറ്റാൻ അപേക്ഷിച്ച 1.80 ലക്ഷം പേരിൽ 32,597 പേരുടെ അപേക്ഷകളാണ് ഇതുവരെ കമ്മീഷൻ സ്വീകരിച്ചിട്ടുള്ളത്. ഏതാണ്ട് അത്രത്തോളം പേരുടെ അപേക്ഷ നിരസിച്ചിട്ടുമുണ്ട്.
നേരത്തേ തീരുമാനിച്ചത് അനുസരിച്ച് ഈ മാസം 30നുതന്നെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള നടപടികളാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തിൽ നടക്കുന്നത്. ഇതു പൂർത്തിയായാൽ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പൂർണ ഒരുക്കത്തിലേക്കു തെരഞ്ഞെടുപ്പ് കമ്മീഷൻ കടക്കും.
വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ ബൂത്തുകളുടെ ക്രമീകരണം, സംവരണ മണ്ഡലങ്ങളുടെയും അധ്യക്ഷന്മാരുടെയും നറുക്കെടുപ്പ് തുടങ്ങിയവയാണ് നടക്കേണ്ടത്. അന്തിമപട്ടിക പ്രസിദ്ധീകരിച്ചശേഷം പേര് ഒഴിവാക്കാൻ അപേക്ഷ സ്വീകരിക്കും. ഇതിന്റെ വിജ്ഞാപനം പിന്നീടുണ്ടാകും.