കത്തു വിവാദം; നിയമപരമായി നേരിടാൻ സിപിഎം; വ്യവസായിക്ക് ഗോവിന്ദന്റെ വക്കീൽ നോട്ടീസ്
Wednesday, August 20, 2025 2:22 AM IST
തിരുവനന്തപുരം: പാർട്ടിയെ പ്രതിരോധത്തിലാക്കിയ കത്തുവിവാദത്തെ നിയമപരമായി നേരിടാൻ സിപിഎം.
ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും അദ്ദേഹത്തിന്റെ മകനെതിരേയും നടത്തിയ പരാമർശങ്ങൾ സിപിഎമ്മിനെ രാഷ്ട്രീയമായി ഏറെ സമ്മർദത്തിലാക്കിയിരുന്നു.
പാർട്ടിയുമായി ഏറെ അടുപ്പമുള്ള രണ്ടു വ്യവസായികൾ തമ്മിലുള്ള തർക്കമായി മാത്രം ആരോപണങ്ങളെ കണ്ടു വിഷയത്തെ കോടതിയിൽ നേരിടാനാണു സിപിഎം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വ്യവസായി മുഹമ്മദ് ഷെർഷാദിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസയച്ചു. മുതിർന്ന അഭിഭാഷകനായ എം. രാജഗോപാലൻ നായർ വഴിയാണു നോട്ടീസ് അയച്ചത്.
ഷെർഷാദ് അപകീർത്തിപരമായ പരാമർശം നടത്തിയെന്നും പ്രതികരണങ്ങൾ പിൻവലിച്ചു മൂന്നു ദിവസത്തിനകം മറുപടി നൽകണമെന്നുമാണു സിപിഎം സംസ്ഥാന സെക്രട്ടറി നോട്ടീസിൽ ആവശ്യപ്പെടുന്നത്.
ഷെർഷാദ് യുകെ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരേ സിപിഎം പോളിറ്റ്ബ്യൂറോയ്ക്കു നൽകിയ പരാതി എം.വി. ഗോവിന്ദന്റെ മകനാണു ചോർത്തിയതെന്നായിരുന്നു ഷെർഷാദ് പറഞ്ഞത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിൽ നിന്നും പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങൾ ഷെർഷാദ് ഉന്നയിച്ചിരുന്നു.
രാജേഷ് കൃഷ്ണയുമായി സിപിഎം നേതാക്കളായ മന്ത്രിമാർക്കും ബന്ധമുണ്ടെന്ന് ഷെർഷാദ് പറഞ്ഞതാണു പാർട്ടിയെ കൂടുതൽ വെട്ടിലാക്കിയത്. കത്തു വിവാദം പുറത്തുവന്നതോടെ സിപിഎമ്മിന്റെ ഉൾപ്പാർട്ടി രാഷ്ട്രീയത്തിലും ഇതു ഏറെ ചർച്ചചെയ്യപ്പെടുകയാണ്.
പാർട്ടിക്കു പങ്കില്ല: എം.വി. ജയരാജൻ
കണ്ണൂർ: കത്ത് ചോർന്ന സംഭവത്തിൽ മാഹിയിലെ വ്യവസായി ഷെർഷാദിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ.
ഈ വിഷയം പാർട്ടിയുടേതല്ലെന്നും രണ്ടു പേർ തമ്മിൽ മാനനഷ്ട കേസ് കൊടുത്ത സംഭവമാണെന്നും കണ്ണൂരിൽ മാധ്യമങ്ങളോടു പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു. നടൻ മമ്മൂട്ടിക്കെതിരേ പോലും പരാതി കൊടുത്തയാളാണ് ഷെർഷാദ്. ഇവർക്കൊക്കെ മാനമുണ്ടോയെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.
രാജേഷ് കൃഷ്ണ 10 കോടിയുടെ മാനനഷ്ട കേസാണ് ഡൽഹി ഹൈക്കോടതിയിൽ നല്കിയിരിക്കുന്നത്. രണ്ടാളുകൾ തമ്മിലുള്ള തർക്കം പാർട്ടി വിഷയമല്ല.
ഷെർഷാദ് മാനമുണ്ടെങ്കിൽ ഭാര്യക്കും മക്കൾക്കും കോടതി നിർദേശിച്ച ജീവനാംശം നല്കുകയാണു വേണ്ടത്. എം.വി. ജയരാജൻ പറഞ്ഞു.