മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കിട്ട് സിനിമാലോകം
Wednesday, August 20, 2025 2:22 AM IST
കൊച്ചി: മമ്മൂട്ടിയുടെ മടങ്ങിവരവിലുള്ള സന്തോഷം സമൂഹമാധ്യങ്ങളിൽ പങ്കിട്ട് സിനിമാരംഗത്തെ പ്രമുഖർ. ഒരു വേദിയിൽ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ സന്തോഷം പങ്കിട്ടത്.
മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും മേക്കപ്മാനുമായ എസ്. ജോര്‍ജിന്റെ കുറിപ്പ് വൈറലായി- “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർഥിച്ചവർക്കും കൂടെ നിന്നവർക്കും ഒന്നുമുണ്ടാകില്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി.”
വെല്‍ക്കം ബാക്ക്, ടൈഗര്‍ എന്ന ഒറ്റവരി പോസ്റ്റാണ് മഞ്ജു വാര്യര്‍ എഫ്ബിയിൽ കുറിച്ചത്. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും മഞ്ജു പോസ്റ്റ് ചെയ്തു. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർഥിക്കുമ്പോൾ ദൈവത്തിനു കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നു സംവിധായകൻ കണ്ണൻ താമരക്കുളം എഫ്ബിയിൽ കുറിച്ചു.
എക്കാലത്തെയും വലിയ വാർത്തയെന്ന് നടി മാല പാർവതി കമന്റിട്ടു. നടനും സുഹൃത്തുമായ വി.കെ. ശ്രീരാമനെ മമ്മൂട്ടി ഫോണിൽ വിളിച്ച് രോഗം ഭേദമായ വിവരം അറിയിച്ചു. ഉമാ തോമസ് എംഎൽഎയും താരത്തിന്റെ തിരിച്ചുവരവിൽ സന്തോഷമറിയിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടു.